ജിദ്ദ – സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഇന്‍ഷുറന്‍സ് ഉല്‍പന്നം (പോളിസി) മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇന്‍ഷുറന്‍സ് അതോറിറ്റിയും ചേര്‍ന്ന് പുറത്തിറക്കി. സൗദിയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് പുതിയ ഉല്‍പന്നം നല്‍കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി നിശ്ചിത കാലത്തേക്ക് വേതനം വിതരണം ചെയ്യാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ ജീവനക്കാരുടെ വേതനം ഇന്‍ഷുറന്‍സ് പോളിസി കവറേജ് പ്രകാരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കും.
ഇന്‍ഷുറന്‍സ് പോളിസി നിര്‍ണയിക്കുന്ന കവറേജ് വ്യവസ്ഥകള്‍ക്കും ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായാണ് വേതന വിതരണം മുടങ്ങുന്ന സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ വേതനവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുക. സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളിയുടെ മടക്കയാത്രാ ടിക്കറ്റും ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുന്നു. നയങ്ങളിലൂടെയും നിയമ നിര്‍മാണങ്ങളിലൂടെയും സൗദി തൊഴില്‍ വിപണി പരിഷ്‌കരിക്കാനും തൊഴില്‍ കരാര്‍ പ്രകാരമുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ സൗദി തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഇന്‍ഷുറന്‍സ് ഉല്‍പന്നം പുറത്തിറക്കിയിരിക്കുന്നത്.
വേതന സുരക്ഷാ പദ്ധതിയും തൊഴില്‍ കരാര്‍ ഡോക്യുമെന്റേഷനും ഉള്‍പ്പെടെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയ നിയമങ്ങളുമായും നടപടിക്രമങ്ങളുമായും പുതിയ ഇന്‍ഷുറന്‍സ് ഉല്‍പന്നം പൊരുത്തപ്പെട്ടുപോകുന്നു. പുതിയ ഇന്‍ഷുറന്‍സ് ഉല്‍പന്നത്തില്‍ ഉള്‍പ്പെടുന്ന വിദേശ തൊഴിലാളികള്‍ക്ക് ഇന്നു മുതല്‍ പോളിസി പ്രകാരമുള്ള പരിരക്ഷകള്‍ ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.