റിയാദ് – ഒമ്പതു വര്‍ഷത്തിനിടെ സൗദിയില്‍ വ്യാവസായ സ്ഥാപനങ്ങളുടെ എണ്ണം 65 ശതമാനം വര്‍ധിച്ച് 12,000 ആയി ഉയര്‍ന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. റിയാദില്‍ സൗദി വ്യാവസായിക പരിവര്‍ത്തന എക്‌സിബിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിഷന്‍ 2030 ആരംഭിച്ചശേഷം സൗദി വ്യാവസായിക മേഖല ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിക്കുന്നത്. 2016 ല്‍ രാജ്യത്ത് 7,200 ഫാക്ടറികള്‍ മാത്രമാണുണ്ടായിരുന്നത്. 2025 ല്‍ ഫാക്ടറികളുടെ എണ്ണം 12,000 ലേറെയായി ഉയര്‍ന്നു. ഇവയിലെ മൊത്തം നിക്ഷേപം 1.2 ട്രില്യണ്‍ റിയാലില്‍ കൂടുതലാണ്. വ്യാവസായിക മേഖലയിലെ വികാസം 2024 ല്‍ എണ്ണയിതര കയറ്റുമതി റെക്കോര്‍ഡ് ഉയരത്തിലെത്താന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം എണ്ണയിതര കയറ്റുമതി 515 ബില്യണ്‍ റിയാലായി. മുന്‍ വര്‍ഷത്തേക്കാള്‍ എണ്ണയിതര കയറ്റുമതിയില്‍ 13 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ കൊല്ലം കൈവരിച്ചത്. വിഷന്‍ 2030 ആരംഭിച്ച ശേഷം എണ്ണയിതര കയറ്റുമതി 113 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
വ്യാവസായിക പരിവര്‍ത്തന പ്രോഗ്രാമുകള്‍ക്കായി വ്യവസായ, ധാതുവിഭവ മന്ത്രാലയം നിരവധി അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് ആന്റ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. നാലിയിരത്തിലേറെ ഫാക്ടറികളെ ഓട്ടോമേഷനെയും ആധുനിക സാങ്കേതികവിദ്യകളെയും ആശ്രയിക്കുന്ന സ്മാര്‍ട്ട് ഫാക്ടറികളാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ഫ്യൂച്ചര്‍ ഫാക്ടറിസ് പ്രോഗ്രാം ഇതില്‍ ഉള്‍പ്പെടുന്നു. സൗദി അറേബ്യയുടെ വ്യാവസായിക മേഖലയിലേക്ക് സംഭാവന നല്‍കാനും നിക്ഷേപകരെയും വ്യവസായികളെയും വ്യവസായ, ധാതുവിഭവ മന്ത്രി ക്ഷണിച്ചു.



