ജിദ്ദ – പ്രശസ്ത യു.എ.ഇ ഗായികയും നടിയുമായ അഹ്‌ലാമിനെ (അഹ്‌ലാം ബിന്‍ത് അലി ബിന്‍ ഹസീം അല്‍ശാംസി) അമ്പരിപ്പിച്ച് ഇന്ത്യന്‍ ആരാധിക. അഹ്‌ലാമിന്റെ പ്രശസ്തമായ പാട്ട് ആലപിച്ചാണ് ഇന്ത്യക്കാരി യു.എ.ഇ ഗായികയെ ഞെട്ടിച്ചത്. വ്യാപാര സ്ഥാപനത്തില്‍ വെച്ച് ഇന്ത്യന്‍ ആരാധികയെ അഹ്‌ലാം കണ്ടുമുട്ടുന്നതിന്റെയും അവര്‍ക്കൊപ്പം ഗാനമാലപിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വൈറലായി.
അഹ്‌ലാമിനു വേണ്ടിയാണ് താന്‍ അറബി പഠിച്ചതെന്നും അഹ്‌ലാമിന്റെ ചില ഗാനങ്ങള്‍ തനിക്ക് മനഃപാഠമാണെന്നും ഇന്ത്യക്കാരി വീഡിയോയില്‍ പറഞ്ഞു. തദ്‌രീ ലേഷ് അസ്അല്‍ അലൈക്ക് (എനിക്ക് നിന്നോട് എന്തിനാണ് ദേഷ്യമെന്ന് നിനക്കറിയാമോ?) എന്ന അഹ്‌ലാമിന്റെ പ്രശസ്തമായ ഗാനമാണ് ഇന്ത്യക്കാരി അഹ്‌ലാമിനൊപ്പം ആലപിച്ചത്. തുടര്‍ന്ന് ഇരുവരും പരസ്പരം ആശ്ലേഷിച്ച് ഫോട്ടോകള്‍ എടുത്തു.



