റിയാദ്– റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന പ്രവാസി പരിചയ് സാംസ്‌കാരികോത്സവം നാളെ സമാപിക്കും. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഉത്സവത്തില്‍ ക്ലാസിക്കല്‍ നൃത്തം, സംഗീതം, നാടോടി കലകള്‍, പാചക രീതികള്‍ എന്നിവ അവതരിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച കേരളത്തിലെ നിരവധി സാംസ്കാരിക പരിപാടികളോടെയാണ് തുടക്കം കുറിച്ചത്. പിന്നീട് ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ പരിപാടികളും നടന്നു. അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചെണ്ടമേളം, നാസിക് ധോള്‍, താലപ്പൊലി, സ്‌കൂള്‍ ബാന്റ് മേളം, മലയാളികളുടെ ഒപ്പന, മോഹിനിയാട്ടം, തിരുവാതിര എന്നിവ ശ്രദ്ധേയമായി. ഉത്തര്‍പ്രദേശിന്റെ ഖവ്വാലിയും ഡല്‍ഹി, ഹരിയാനയുടെ ഗ്രൂപ് ഡാന്‍സും രാജസ്ഥാനിന്റെ കളര്‍ ഡാന്‍സുകളും വേദിയിൽ അവതരിപ്പിച്ചു. സൗദിയില്‍ ഇന്ത്യയുടെ സംസ്‌കാരിക വൈവിധ്യം പരിചയപ്പെടുത്തുന്നതിനാണ് എല്ലാ വര്‍ഷവും ഇന്ത്യന്‍ എംബസി പ്രവാസി പരിചയ് നടത്തിവരുന്നത്.



