അബഹ – അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലെ പ്രിന്‍സ് സുല്‍ത്താന്‍ കള്‍ച്ചറല്‍ സെന്ററില്‍ അബഹ ചേംബര്‍ ഓഫ് കൊമേഴ്‌സ് സൗദി-ഇന്ത്യ ഫോറം സംഘടിപ്പിക്കുന്നു. ജനുവരി 18 മുതല്‍ 20 വരെയാണ് സംയുക്ത ഫോറം നടക്കുക. സൗദിയിലെയും ഇന്ത്യയിലെയും ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും വ്യവസായികളുടെയും പങ്കാളിത്തം ഉപയോഗപ്പെടുത്തിയും പ്രവര്‍ത്തന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചും നിക്ഷേപം, വാണിജ്യം, വ്യാവസായികം, വിദ്യാഭ്യാസം, സാങ്കേതികം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിക്ഷേപാവസരങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറം സംഘടിപ്പിക്കുന്നത്. ഫോറത്തോടനുബന്ധിച്ച എക്‌സിബിഷനില്‍ ഇരു രാജ്യങ്ങളിലെയും പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ചരിത്രപരമായ ബന്ധങ്ങളാണുള്ളത്. രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സുരക്ഷാ, പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചു. പ്രാദേശിക കാര്യങ്ങളിലും വ്യാപാരത്തിലും സഹകരണം വളരെയധികം ശക്തിപ്പെട്ടു. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.
നെറ്റ്വര്‍ക്കിംഗ്, ഫിന്‍ടെക് പദ്ധതികള്‍, ഗ്രീന്‍ ഹൈഡ്രജന്‍, സുസ്ഥിര നിര്‍മാണ സാമഗ്രികള്‍, സ്റ്റാര്‍ട്ടപ്പ് സഹകരണം, കയറ്റുമതി-ഇറക്കുമതി ബാങ്ക് പദ്ധതികള്‍ തുടങ്ങിയ സഹകരണത്തിന്റെ പുതിയ മേഖലകള്‍ ഉള്‍പ്പെടുത്താനായി ഇരു രാജ്യങ്ങള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ വികസിപ്പിക്കുകയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ശക്തിപ്പെടുത്താനും ഇന്ത്യ പ്രവര്‍ത്തിക്കുന്നു. കിംഗ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററും ഇന്ത്യന്‍ ഗവേഷണ കേന്ദ്രങ്ങളും തമ്മിലുള്ള സഹകരണത്തിന് രണ്ട് ധാരണാപത്രങ്ങള്‍ സമീപ കാലത്ത് ഒപ്പുവെച്ചിട്ടുണ്ട്. ഇവക്ക് പുറമെ, പുനരുപയോഗ ഊര്‍ജ മേഖലാ സഹകരണത്തിന് മറ്റൊരു ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്.
കിംഗ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററും ഇന്ത്യന്‍ ഗവേഷണ കേന്ദ്രങ്ങളും തമ്മില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചതിന്റെ ഫലമായി മൂന്ന് സംയുക്ത സെമിനാറുകളും രണ്ട് ശില്‍പശാലകളും നടത്താനും 24 സംയുക്ത ഗവേഷണങ്ങള്‍ നടത്താനും കഴിഞ്ഞു. ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ റിയാദില്‍ ഒരു ഇന്നൊവേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇന്ത്യയും വേറൊരു ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. 12 നൂതന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചു എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങളിലൊന്ന്. ഫോസ്‌ഫേറ്റ്, അമോണിയ തുടങ്ങിയ സൗദി ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാന്‍ നാലു ധാരണാപത്രങ്ങളും ഇരു രാജ്യങ്ങളും സമീപ കാലത്ത് ഒപ്പുവെച്ചിട്ടുണ്ട്.