ജിദ്ദ- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ജിദ്ദയിൽനടന്ന ചർച്ചയിൽ ഒപ്പുവെച്ചത് നിരവധി കരാറുകൾ. ജിദ്ദയിലെ കൊട്ടാരത്തിൽ നടത്തിയ ചർച്ചയിലാണ് ഇന്ത്യക്കും സൗദിക്കും ഇടയിൽ നിരവധി കരാറുകൾ ഒപ്പിട്ടത്. പ്രധാനമന്ത്രിയെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൊട്ടാരത്തിലേക്ക് ഊഷ്മളമായി വരവേറ്റു. കൊട്ടാരത്തിന് പുറത്തേക്കിറങ്ങി വന്ന് മോഡിയെ ആലിംഗനം ചെയ്താണ് കിരീടാവകാശി അൽ സലാമ കൊട്ടരത്തിലേക്ക് ആനയിച്ചത്.
അൽ സലാമ കൊട്ടാരത്തിൽ നടന്ന ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ (എസ്‌പിസി) രണ്ടാമത്തെ യോഗത്തിൽ ഇരുവരും സംയുക്തമായി അധ്യക്ഷത വഹിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തെ കിരീടാവകാശി അതിശക്തമായി അപലപിക്കുകയും നിരപരാധികളുടെ ജീവനുകൾ നഷ്ടപ്പെട്ടതിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഭീകരവാദത്തെ ശക്തമായി നേരിടാൻ ഇരു നേതാക്കളും തീരുമാനിച്ചു. 2023 സെപ്റ്റംബറിൽ ന്യൂദൽഹിയിൽ നടന്ന അവസാന യോഗത്തിനുശേഷം കൗൺസിലിന്റെ പുരോഗതി നേതാക്കൾ അവലോകനം ചെയ്തു.
ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെട്ടതിലും വിവിധ മന്ത്രാലയങ്ങൾക്കിടയിലെ ഉന്നതതല സന്ദർശനങ്ങൾ വർധിച്ചതിലും പരസ്പര വിശ്വാസവും ധാരണയും വളർന്നതിലും നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. ഊർജ്ജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണം ഇരുവരും ചർച്ച ചെയ്തു. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും ക്ഷേമത്തിനും കിരീടാവകാശിയോട് മോഡി നന്ദി പറഞ്ഞു. ഇന്ത്യൻ ഹജ് തീർത്ഥാടകർക്ക് സൗദി സർക്കാർ നൽകിയ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.
ഹൈ-ലെവൽ ടാസ്ക് ഫോഴ്സ് ഓൺ ഇൻവെസ്റ്റ്‌മെന്റിലെ ചർച്ചകളിലെ പുരോഗതിയെയും വിലയിരുത്തി. ഊർജ്ജം, പെട്രോകെമിക്കൽസ്, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഫിൻടെക്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടെലികമ്മ്യൂണിക്കേഷൻസ്, ഫാർമസ്യൂട്ടിക്കൽസ്, മാനുഫാക്ചറിംഗ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ താൽപര്യം വീണ്ടും ചർച്ച ചെയ്തു. ഇന്ത്യയിൽ രണ്ട് ഓയിൽ റിഫൈനറികൾ സ്ഥാപിക്കുന്നതിനുള്ള സഹകരണത്തിനുള്ള കരാറും നികുതി വിഷയങ്ങളിൽ നേടിയ പുരോഗതിയും പ്രത്യേകം വിലയിരുത്തി. സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പേയ്‌മെന്റ് ഗേറ്റ്‌വേകൾ ബന്ധിപ്പിക്കുന്നതിനും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനുള്ള ഗേറ്റ് വേ തുറക്കാനും നിർദ്ദേശിച്ചു.
ഇന്ത്യ-മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോർ (ഐഎംഇഇസി) യിലെ പുരോഗതിയും ചർച്ചയായി. ഇരുരാജ്യങ്ങൾക്കും ഇടയിലെ കണക്ടിവിറ്റിയും ചർച്ച ചെയ്തു. കൗൺസിലിന്റെ കീഴിലുള്ള രണ്ട് മന്ത്രിതല കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
രണ്ട് പുതിയ മന്ത്രിതല കമ്മിറ്റികൾ സ്ഥാപിച്ച് സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ വിപുലീകരിച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. പ്രതിരോധ സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനായി മന്ത്രിതല പ്രതിരോധ സഹകരണ കമ്മിറ്റി സ്ഥാപിക്കാൻ ധാരണയായി. സമീപ വർഷങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാമുഖ്യം കണക്കിലെടുത്ത്, ടൂറിസം, സാംസ്കാരിക സഹകരണം എന്നീ മേഖലകളിൽ മന്ത്രിതല കമ്മിറ്റി സ്ഥാപിക്കാനും ധാരണയായി. ബഹിരാകാശം, ആരോഗ്യം, കായികം (ആന്റി-ഡോപ്പിംഗ്), തപാൽ സഹകരണം എന്നീ മേഖലകളിൽ 4 ഉഭയകക്ഷി കരാറുകളും ഒപ്പുവെച്ചു. സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ മൂന്നാമത്തെ യോഗത്തിനായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ക്ഷണിച്ചു.
പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് രണ്ടു ദിവസത്തെ സൗദി സന്ദർശനം മതിയാക്കി മോഡി ചൊവ്വാഴ്ച രാത്രി തന്നെ ഇന്ത്യയിലേക്ക് തിരിച്ചു.നാളെ രാവിലെ ഇന്ത്യയിലെത്തുന്ന മോഡി, കശ്മീർ സന്ദർശിക്കും.