ജിദ്ദ- ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന തരത്തിൽ ജിദ്ദ സീസണിൽ ഇന്ത്യാ നൈറ്റുമായി സംഘാടകർ. ഈ മാസം 26ന് ജിദ്ദയിലെ ഇക്വസ്ട്രിയൻ പാർക്കിൽ ഇന്ത്യൻ, സൗദി സംസ്കാരം ആഘോഷിക്കുന്ന അവിസ്മരണീയ സായാഹ്നത്തിന് ജിദ്ദ സീസൺ ഒരുങ്ങുകയാണ്. ഏഷ്യൻ കമ്മ്യൂണിറ്റി ഇവൻ്റ് ലൈനപ്പിൻ്റെ ഭാഗമായാണ് ഇവൻ്റ്. ഇരുപതിനായിരം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ അതിവിശാലമായാണ് വേദി ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത റാപ്പ് ഗായകൻ ഡെബ്സി, നികിത ഗാന്ധി, സൽമാൻ അലി, പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ ഗൗഹർ ഖാൻ, സഞ്ജീത് അറ്റൻഡീസ് തുടങ്ങിയവർ നാദവിസ്മയം തീർക്കും. പ്രശസ്ത റെസ്റ്റോറൻ്റുകളിൽ നിന്നുള്ള പാചകവിഭവങ്ങളും പരിപാടിക്ക് മാറ്റു കൂട്ടും.
സാംസ്കാരിക മാമാങ്കം ജിദ്ദയിലേക്ക് എത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രൊജക്റ്റ് മാനേജർ നൗഷീൻ വസീം പറഞ്ഞു. “സാംസ്കാരിക വിനിമയവും കമ്മ്യൂണിറ്റി ഇടപഴകലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ സംരഭമെന്നും അവർ പറഞ്ഞു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ജിദ്ദ സീസൺ തിരിച്ചെത്തുമ്പോൾ, സമാനതകളില്ലാത്ത വിനോദവും സാംസ്കാരിക അനുഭവങ്ങളുമാണ് സമ്മാനിക്കുക. 35, 99 റിയാൽ നിരക്കിലുള്ള ടിക്കറ്റുകൾ വഴിയാണ് പ്രവേശനം.