റിയാദ് – ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് അടുത്ത തിങ്കളാഴ്ച റിയാദില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്ത് നടക്കുന്ന ഗള്‍ഫ് വിദേശ മന്ത്രിമാരുടെ 161-മത് യോഗത്തിനിടെ ആറു ഗള്‍ഫ് രാജ്യങ്ങളിലെയും വിദേശ മന്ത്രിമാര്‍ ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായി തന്ത്രപ്രധാനമായ ചര്‍ച്ച നടത്തും. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ഇത്തരത്തില്‍ പെട്ട ആദ്യ ചര്‍ച്ചയായിരിക്കും ഇത്. റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവുമായും ഗള്‍ഫ് മന്ത്രിമാര്‍ സമാന ചര്‍ച്ച നടത്തും. ഗള്‍ഫ് രാജ്യങ്ങളും റഷ്യയും തമ്മില്‍ നടത്തുന്ന ഏഴാമത് സ്ട്രാറ്റജിക് ഡയലോഗ് ആണിത്.
പൊതുതാല്‍പര്യങ്ങള്‍ കൈവരിക്കാനും സൗഹൃദബന്ധം മെച്ചപ്പെടുത്താനും തന്ത്രപരമായ സംഭാഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇരുപക്ഷവും മുന്‍യോഗത്തില്‍ സമ്മതിക്കുകയും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അനുഭവങ്ങള്‍ കൈമാറാനും ലക്ഷ്യമിടുന്ന ഗള്‍ഫ്-റഷ്യന്‍ സംയുക്ത കര്‍മ പദ്ധതി 2023-2028 അംഗീകരിക്കുകയും ചെയ്തിരുന്നു.
ലോകത്തെങ്ങും സമാധാനവും സുരക്ഷയും സ്ഥിരതയും അഭിവൃദ്ധിയും കൈവരിക്കാന്‍ എല്ലാ ശ്രമങ്ങളും ശക്തമാക്കാനും രാജ്യങ്ങളുടെ പരിമാധികാരവും രാഷ്ട്രീയ സ്വാതന്ത്ര്യവും മാനിക്കാനും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനും ബലപ്രയോഗം നടത്താതിരിക്കാനും വെല്ലുവിളികളെയും പ്രതിസന്ധികളെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അഭിമുഖീകരിക്കാനും തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോസ്‌കോയില്‍ ചേര്‍ന്ന ഗള്‍ഫ്, റഷ്യ യോഗത്തില്‍ ഇരു വിഭാഗവും ധാരണയിലെത്തിയിരുന്നു. ഉക്രൈന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാന്‍ സാഹചര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ട് ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ യോഗം സ്വാഗതം ചെയ്തു.
ബ്രസീല്‍ വിദേശ മന്ത്രി മൗറോ വിയേരയുമായും ഗള്‍ഫ് വിദേശ മന്ത്രിമാര്‍ പ്രത്യേകം ചര്‍ച്ച നടത്തും. ആദ്യമായാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വിദേശ മന്ത്രിമാരുമായുള്ള സംയുക്ത ചര്‍ച്ചക്ക് ബ്രസീല്‍ വിദേശ മന്ത്രിയെ ക്ഷണിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി നടത്തിയ ബ്രസീല്‍ സന്ദര്‍ശനത്തിനിടെയാണ് ബ്രസീല്‍ വിദേശ മന്ത്രിയെ ജി.സി.സി വിദേശ മന്ത്രിമാരുമായുള്ള സംയുക്ത കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ഗള്‍ഫ് രാജ്യങ്ങളും ബ്രസീലും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രവും സംയുക്ത കര്‍മ പദ്ധതിയും യോഗത്തില്‍ വെച്ച് ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും മേഖലാ, ആഗോള പ്രശ്‌നങ്ങളും ഗള്‍ഫ് വിദേശ മന്ത്രിമാരുടെ യോഗം വിശകലനം ചെയ്യുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു.