ബുറൈദ – നഗരത്തിലെ നിയമ വിരുദ്ധ കേന്ദ്രത്തില്‍ നടത്തിയ പരിശോധനക്കിടെ ഉപയോഗശൂന്യമായ 10.5 ടണ്‍ ഇറച്ചിയും കോഴിയിറച്ചിയും അല്‍ഖസീം നഗരസഭാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ, നഗരസഭാ വ്യവസ്ഥകള്‍ പാലിക്കാത്ത കേന്ദ്രത്തില്‍ വിദേശ തൊഴിലാളികളാണ് കോഴികളെ വളര്‍ത്തി കശാപ്പ് ചെയ്ത് കോഴിയിറച്ചിയും ഉറവിടമറിയാത്തതും ഉപയോഗശൂന്യവുമായ ഇറച്ചിയും വിപണനം ചെയ്തിരുന്നത്. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി അല്‍ഖസീം നഗരസഭ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, ദമാമില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസില്‍ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനക്കിടെ കാലാവധി തീര്‍ന്ന 2,000 ലേറെ ടയറുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വാണിജ്യ മന്ത്രാലയവും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമും പരിസ്ഥിതി സുരക്ഷാ സേനയും പോലീസും ദമാം നഗരസഭയും നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ കംപ്ലയന്‍സ് ഓവര്‍സൈറ്റും സഹകരിച്ചാണ് വെയര്‍ഹൗസില്‍ പരിശോധന നടത്തിയത്.
റെയ്ഡിനിടെ സ്ഥാപനത്തില്‍ കണ്ടെത്തിയ നിയമ ലംഘകരായ എട്ടു വിദേശ തൊഴിലാളികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി. കാലാവധി തീര്‍ന്ന ടയറുകള്‍ ശേഖരിച്ച് പോളിഷ് ചെയ്ത് പുതിയ തീയതികള്‍ രേഖപ്പെടുത്തി മൊത്തമായി വിതരണം ചെയ്യുന്ന മേഖലയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നിയമ വിരുദ്ധ വെയര്‍ഹൗസ് അധികൃതര്‍ അടപ്പിച്ചു. വഞ്ചന നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പോളിഷിംഗ് ഉപകരണങ്ങളും റെയ്ഡിനിടെ പിടിച്ചെടുത്തു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.