ജിദ്ദ – നിയമാനുസൃത ലൈസൻസില്ലാതെ സ്വകാര്യ കാർ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തി പിടിയിലായ പ്രവാസിയെ 12,000 റിയാൽ പിഴ ചുമത്തി നാടുകടത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. യാത്രക്കാരെ വിളിച്ച് കയറ്റൽ, പിന്തുടരൽ, തടഞ്ഞുനിർത്തൽ, വാഹനത്തിൽ കൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ യാത്രക്കാരുള്ള സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കൽ എന്നിവ അടക്കം ലൈസൻസില്ലാതെ പണം ഈടാക്കി കര ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് രാജ്യത്തെ നിയമങ്ങൾ നിരോധിച്ചിട്ടുണ്ട്.
പിഴകൾ, വാഹനം കസ്റ്റഡിയിലെടുക്കൽ, നിയമ ലംഘനം തെളിയിക്കപ്പെട്ടാൽ സൗദികളല്ലാത്തവരെ നാടുകടത്തൽ എന്നിവ നിർദിഷ്ട ശിക്ഷകളിൽ ഉൾപ്പെടുന്നു. നിയമവിരുദ്ധ ഗതാഗത രീതികൾ നിയന്ത്രിക്കുക, ഉപഭോക്താക്കളെ സംരക്ഷിക്കുക, അംഗീകൃത നിയമങ്ങളും നിയമാവലികളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യം. ലൈസൻസില്ലാതെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്.
ഇത്തരം പ്രവണതകൾ പൊതുസുരക്ഷക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുകയും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ലൈസൻസുള്ള സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുകയും ന്യായമായ മത്സര തത്വത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനും പിടികൂടാനും ബന്ധപ്പെട്ട നിയമങ്ങൾക്കും നിയമാവലികൾക്കും അനുസൃതമായി നിയമലംഘകർക്ക് നിർദിഷ്ട ശിക്ഷകൾ ബാധകമാക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് രാജ്യത്തുടനീളം ഫീൽഡ് പരിശോധനാ കാമ്പെയ്‌നുകൾ തുടരും.
ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും തങ്ങളുടെ പദവികൾ ശരിയാക്കുകയും ഔദ്യോഗിക മാർഗങ്ങളിലൂടെ ആവശ്യമായ ലൈസൻസുകൾ നേടുകയും വേണം. ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഗതാഗത മേഖലയുടെ കാര്യക്ഷമത ഉയർത്താനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗതാഗത സംവിധാനത്തിന്റെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കാനുമാണ് നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.



