ജിദ്ദ – സൗദിയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സര്‍വീസ് നടത്തിയ 635 പേര്‍ക്ക് കഴിഞ്ഞ മാസം പിഴ ചുമത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഇവരുടെ കാറുകള്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അാേതറിറ്റി നടത്തിയ ശക്തമായ പരിശോധനകളിലാണ് നിയമ വിരുദ്ധ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ കുടുങ്ങിയത്.
ലൈസന്‍സില്ലാതെ നടത്തുന്ന ടാക്‌സി സര്‍വീസുകള്‍ക്ക് തടയിടാനും യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും എയര്‍പോര്‍ട്ടുകളില്‍ ലഭ്യമായ ഗതാഗത ഓപ്ഷനുകളുടെ പ്രയോജനം യാത്രക്കാര്‍ക്ക് വര്‍ധിപ്പിക്കാനും നിയമാനുസൃത ടാക്‌സികള്‍ പ്രയോജനപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും ശക്തമായ പരിശോധനകള്‍ തുടരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് നടത്തുന്നത് നിയമ ലംഘനമാണ്. ഇതിന് 5,000 റിയാല്‍ പിഴ ലഭിക്കും. കൂടാതെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. വാഹനം കസ്റ്റഡിയിലെടുത്ത് യാര്‍ഡില്‍ സൂക്ഷിക്കാനുള്ള ചെലവുകള്‍ നിയമ ലംഘകരില്‍ നിന്ന് ഈടാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.