- റോഡ് മാര്‍ഗം കൊണ്ടുപോകുന്ന വിമാനങ്ങള്‍ ദലമില്‍
- ലക്ഷ്വറി കാര്‍ മോഹിച്ച് ഫോട്ടോകളെടുക്കാന്‍ ആളുകള്‍ മത്സരിക്കുന്നു
ജിദ്ദ – റിയാദ് സീസണില്‍ ഉപയോഗിക്കുന്നതിന് ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്ന മൂന്നു പഴയ സൗദിയ വിമാനങ്ങള്‍ റിയാദില്‍ നിന്ന് 550 കിലോമീറ്റര്‍ ദൂരെ ദലം പിന്നിട്ടു. സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നതിനു മുമ്പ് രണ്ടു മണിക്കൂറില്‍ കുറവ് സമയമെടുത്ത് ജിദ്ദ-റിയാദ് ദൂരം താണ്ടിയിരുന്ന വിമാനങ്ങള്‍ ട്രക്ക് മാര്‍ഗം ജിദ്ദയില്‍ നിന്ന് റിയാദിലേക്കുള്ള ആയിരം കിലോമീറ്റര്‍ ദൂരം താണ്ടാന്‍ രണ്ടാഴ്ചയെടുക്കുമെന്നാണ് കരുതുന്നത്.
നിര്‍മിതബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വിമാനങ്ങള്‍ ട്രക്ക് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്നതെന്ന് അല്‍മജ്ദൂഇ ലോജിസ്റ്റിക്‌സ് കമ്പനി പറഞ്ഞു.
ലോജിസ്റ്റിക്‌സ് മേഖലയിലെ വിദഗ്ധ സംഘം തയാറാക്കിയ കുറ്റമറ്റ പദ്ധതി ഇതിന് ഉപയോഗിക്കുന്നു. കൂറ്റന്‍ ലോഡുകള്‍ നീക്കം ചെയ്യാന്‍ പ്രത്യകം നിര്‍മിച്ച ട്രക്കുകളിലാണ് വിമാനങ്ങള്‍ കൊണ്ടുപോകുന്നത്. വിമാനങ്ങളില്‍ ഒന്ന് ജിദ്ദയില്‍ നിന്ന് റിയാദിലെത്തിക്കാന്‍ നാലു ലക്ഷം റിയാല്‍ മുതല്‍ ആറു ലക്ഷം റിയാല്‍ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
64 മീറ്റര്‍ നീളവും 6.2 മീറ്റര്‍ ബോഡി വീതിയും ആറു മീറ്ററിലേറെ ഉയരവുമുള്ള വിമാനങ്ങള്‍ റോഡ് മാര്‍ഗം നീക്കം ചെയ്യല്‍ വലിയ വെല്ലുവിളിയാണ്. ഇതില്‍ ഏറ്റവും വലിയ വെല്ലുവിളി വിമാനങ്ങളുടെ ഉയരമാണ്. സൗദിയില്‍ എക്‌സ്പ്രസ്‌വേകളിലെ മേല്‍പാലങ്ങള്‍ക്കു താഴെ കൂടി സഞ്ചരിക്കുന്ന വാഹനങ്ങളുടെ പരമാവധി ഉയരം അഞ്ചു മീറ്ററായി നിര്‍ണയിച്ചിട്ടുണ്ട്.
മൂന്നു വിമാന ബോഡികളും ആറു ചിറകുകളും ഹെവി ലോഡുകള്‍ നീക്കം ചെയ്യാന്‍ പ്രത്യേകം നിര്‍മിച്ച ഉയരം കുറഞ്ഞ ട്രെയിലറുകളിലാണ് നീക്കം ചെയ്യുന്നതെന്ന് അല്‍മജ്ദൂഇ കമ്പനി പറഞ്ഞു.
ദുഷ്‌കരമായ റോഡുകളിലൂടെയും നിരപ്പല്ലാത്ത സ്ഥലങ്ങളിലൂടെയും വിമാനങ്ങള്‍ നീക്കം ചെയ്യാന്‍ രണ്ടു വീതം മെയിന്‍ ഹെഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇടുങ്ങിയ വളവുകള്‍, വൈദ്യുതി ലൈനുകള്‍ ഒഴിവാക്കല്‍, റോഡുകളിലെ സൈന്‍ ബോര്‍ഡുകളും ക്യാമറകളും അടക്കമുള്ള തടസ്സങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നീ വെല്ലുവിളികളെല്ലാം തരണം ചെയ്യേണ്ടതുണ്ട്. ട്രക്കുകള്‍ കടന്നുപോകുന്ന റോഡുകള്‍ കമ്പനിയില്‍ നിന്നുള്ള സംഘം ആദ്യം സസൂക്ഷ്മം പരിശോധിക്കുന്നു.
ചില സ്ഥലങ്ങളില്‍ ബദല്‍ റോഡുകള്‍ നിര്‍ണയിക്കുന്നു. വൈദ്യുതി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഇലക്ട്രിക് ലൈനുകള്‍ ഉയര്‍ത്താനും സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായും സഹകരിക്കുന്നുണ്ട്. ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുമായും നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും അല്‍മജ്ദൂഇ കമ്പനി പറഞ്ഞു.
ഓരോ ദിവസമെടുത്താണ് വിമാനങ്ങള്‍ ജിദ്ദയില്‍ ട്രക്കുകളില്‍ കയറ്റിയത്. ഇങ്ങിനെ സുരക്ഷിതമായ രീതിയില്‍ വിമാനങ്ങള്‍ ട്രക്കുകളില്‍ കയറ്റാന്‍ മൂന്നു ദിവസമെടുത്തു. റിയാദ് സീസണിന്റെ ഭാഗമായി ഇത്തവണ ആദ്യമായി ആരംഭിക്കുന്ന ബുളിവാര്‍ഡ് റണ്‍വേ ഏരിയയിലാണ് സൗദിയയുടെ വിമാനങ്ങള്‍ ഉപയോഗിക്കുക. ബുളിവാര്‍ഡ് സിറ്റിക്കു സമീപം 1,40,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ബുളിവാര്‍ഡ് റണ്‍വേ സജ്ജീകരിക്കുന്നത്. വിമാനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളും റെസ്റ്റോറന്റുകളുമാക്കി പരിവര്‍ത്തിപ്പിക്കും. ഇവയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി 13 ഇന്ററാക്ടീവ് അനുഭവങ്ങളുമുണ്ടാകും.
അതേസമയം, ട്രക്ക് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്ന വിമാനങ്ങളുടെ ഫോട്ടോകളെടുക്കാന്‍ ആളുകള്‍ മത്സരിക്കാന്‍ തുടങ്ങി. നിരവധി പേരാണ് ഫോട്ടോകള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്. റോഡിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളുടെ ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക് ലക്ഷ്വറി കാര്‍ സമ്മാനിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചിട്ടുണ്ട്. കാലപ്പഴക്കം കാരണം സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ ബോയിംഗ് 777 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കുന്നതിന് കൂറ്റന്‍ ട്രക്കുകളില്‍ റിയാദിലേക്ക് കൊണ്ടുപോകുന്നത്.