റിയാദ് – ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഘട്ടത്തിന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സമാരംഭം കുറിച്ചു. സൗദിയില്‍ ആദ്യമാണ് ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍ ഉപയോഗിക്കുന്നത്. ഗതാഗത സേവന മേഖലയില്‍ സുസ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്ന പദ്ധതികളും സാങ്കേതിക സംരംഭങ്ങളും സ്വീകരിക്കാനും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചും പരമ്പരാഗത കാറുകള്‍ ഉപയോഗിക്കുന്നത് കുറച്ചും പകരം ശുദ്ധമായ ഊര്‍ജം അവലംബിക്കുന്ന ആധുനിക കാറുകള്‍ ഏര്‍പ്പെടുത്തിയും ജീവിത നിലവാരം ഉയര്‍ത്താനുമുള്ള അതോറിറ്റിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍ ഉപയോഗിക്കുന്നത്.
ശുദ്ധമായ ഊര്‍ജത്തെ അവലംബിക്കുന്ന ഹൈഡ്രജന്‍ കാറില്‍ വാതക ബഹിര്‍ഗമനം പൂജ്യമാണ്. ഇത് ഹൈഡ്രജന്‍ കാറിനെ പരിസ്ഥിതി സൗഹൃദവും കൂടുതല്‍ സുസ്ഥിരവുമാക്കുന്നു. ഉയര്‍ന്ന പ്രകടനവും കാര്യക്ഷമതയും ശബ്ദമില്ലായ്മയും, 350 കിലോമീറ്റര്‍ വരെ ദൂരം താണ്ടാനും ദിവസേന എട്ടു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇവയുടെ സവിശേഷതയാണ്. ഇലക്ട്രിക് ബസുകള്‍, സെല്‍ഫ്-ഡ്രൈവിംഗ് ബസുകള്‍, ഹൈഡ്രജന്‍ ട്രെയിന്‍, ഇലക്ട്രിക് ടാക്‌സി കാറുകള്‍, ഹൈഡ്രജന്‍ ട്രക്ക്, ഇലക്ട്രിക് ട്രക്ക്, ഹജ് സീസണില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍, ഡെലിവറി മേഖലയില്‍ സെല്‍ഫ്-ഡ്രൈവിംഗ് വാഹനങ്ങള്‍ എന്നിവ അടക്കമുള്ള ആധുനിക ഗതാഗത സംവിധാനങ്ങള്‍ അടങ്ങിയ ഏതാനും സംരംഭങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സമീപ കാലത്ത് സമാരംഭം കുറിച്ചിരുന്നു.