റിയാദ്: സൗദി അറേബ്യയില്‍ ഹുറൂബ് ആയ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരം. ഇന്ന് (മെയ് 27) മുതലാണ് പുതിയ ആനുകൂല്യം നിലവില്‍ വന്നത്. തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് അപ്രത്യക്ഷരായി എന്ന് കാണിച്ച് തൊഴില്‍, ആഭ്യന്തരമന്ത്രാലയങ്ങളുടെ സിസ്റ്റങ്ങളില്‍ ആപ്‌സന്റ് ഫ്രം വര്‍ക്ക് (മുതഗയ്യിബന്‍ അനില്‍ അമല്‍) എന്ന് രേഖപ്പെടുത്തപ്പെട്ടവര്‍ക്കാണ് പുതിയ തൊഴിലുടമകളിലേക്ക് മാറാന്‍ അവസരം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഹുറൂബ് സ്റ്റാറ്റസുള്ളവര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി.
ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് സ്റ്റാറ്റസ് മാറ്റാന്‍ മൂന്നാഴ്ച മുമ്പ് തൊഴില്‍ മന്ത്രാലയം സാവകാശം നല്‍കിയിരുന്നു. ആറു മാസത്തേക്കാണ് ഈ ആനുകൂല്യം നല്‍കിയിരുന്നത്. എന്നാല്‍ ലേബര്‍ വിസയിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇന്നാണ് ലേബര്‍ വിസയിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചത്. പുതിയ തൊഴിലുടമയെ കണ്ടെത്തി അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറുന്നതോടെ ഹുറൂബ് സ്റ്റാറ്റസ് ഇല്ലാതാവും. പിന്നീട് ഇഖാമ പുതുക്കാന്‍ സാധിക്കും.
തൊഴിലുടമ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്ത് 60 ദിവസത്തിനുള്ളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ ചെയ്യണമെന്നതാണ് തൊഴില്‍ നിയമം. തൊഴിലാളികളെ നേരിട്ട് ഹുറൂബ് ആക്കാന്‍ ഇപ്പോള്‍ സംവിധാനങ്ങളില്ല. പകരം ഖിവ പ്ലാറ്റ്‌ഫോമിലെ തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്യുകയാണ് രീതി. കാന്‍സല്‍ ചെയ്താല്‍ 60 ദിവസമാണ് ഗ്രേസ് പിരിയഡ്. പിന്നീട് ഹുറൂബാകും. ഹുറൂബ് പരാതികള്‍ വ്യാപകമായതോടെയാണ് തൊഴില്‍ മന്ത്രാലയം എല്ലാവര്‍ക്കും 60 ദിവസത്തെ സാവകാശം നല്‍കിയത്. എന്നിട്ടും പലര്‍ക്കും അത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പലര്‍ക്കും ഇക്കാലയളവിനുള്ളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കാതെ വരുന്നു. 60 ദിവസത്തിന് ശേഷം ഹുറൂബാവുന്നതോടെ ഇഖാമ പുതുക്കാനോ റീ എന്‍ട്രിയില്‍ നാട്ടില്‍ പോകാനോ സാധിക്കില്ല. തര്‍ഹീല്‍ വഴി ഫൈനല്‍ എക്‌സിറ്റ് അടിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം ഹുറൂബ് ആയവര്‍ നിരവധി പേരുണ്ട് ഇവിടെ. പുതിയ ആനുകൂല്യം എല്ലാവര്‍ക്കും ആശ്വാസമാണ്. ആനുകൂല്യം ഹുറൂബ് ആയവര്‍ ഉപയോഗപ്പെടുത്തണമെന്ന് ഖിവ പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു.