ജിദ്ദ – ഇസ്‌ലാമികകാര്യ മന്ത്രാലയം വിശുദ്ധ ഹറമില്‍ സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഭീമമായ ക്യാഷ് പ്രൈസുകള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മത്സര റൗണ്ടുകള്‍ക്ക് തുടക്കമായത്. സ്വഫര്‍ 17 ന് (അടുത്ത ബുധന്‍) വിശുദ്ധ ഹറമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും. അഞ്ചു വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ആകെ 49 ലക്ഷം റിയാല്‍ ക്യാഷ് പ്രൈസ് ലഭിക്കും.
പരമ്പരാഗതമായി സ്ഥിരീകരിക്കപ്പെട്ട ഏഴു ശൈലികളില്‍ പാരായണം ചെയ്യാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, ആശയം വ്യാഖ്യാനിക്കാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, തജ്‌വീദ് നിയമങ്ങള്‍ പാലിച്ച് നന്നായി പാരാണം ചെയ്യാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, തുടര്‍ച്ചയായ 15 ജുസ്ഉകള്‍ (ഭാഗങ്ങള്‍) മനഃപാഠമാക്കല്‍, തുടര്‍ച്ചയായ അഞ്ചു ജുസ്ഉകള്‍ മനഃപാഠമാക്കല്‍ എന്നീ അഞ്ചു വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.
ആദ്യ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് അഞ്ചു ലക്ഷം റിയാലും രണ്ടാം സ്ഥാനക്കാരന് നാലര ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് നാലു ലക്ഷം റിയാലും ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം വിഭാഗത്തില്‍ 3,00,000 റിയാല്‍, 2,75,000 റിയാല്‍, 2,50,000 റിയാല്‍ എന്നിങ്ങിനെയാണ് വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ്. മൂന്നാം വിഭാഗത്തില്‍ 2,00,000 റിയാല്‍, 1,90,000 റിയാല്‍, 1,80,000 റിയാല്‍, 1,70,000 റിയാല്‍, 1,60,000 റിയാല്‍, നാലാം വിഭാഗത്തില്‍ 1,50,000 റിയാല്‍, 1,40,000 റിയാല്‍, 1,30,000 റിയാല്‍, 1,20,000 റിയാല്‍, 1,10,000 റിയാല്‍, അഞ്ചാം വിഭാഗത്തില്‍ 65,000 റിയാല്‍, 60,000 റിയാല്‍, 55,000 റിയാല്‍, 50,000 റിയാല്‍, 45,000 റിയാല്‍ എന്നിങ്ങിനെ ഒന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം ക്യാഷ് പ്രൈസ് ലഭിക്കും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം 5,000 റിയാല്‍ തോതില്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്യും. ഈ വര്‍ഷം 123 രാജ്യങ്ങളില്‍ നിന്നുള്ള 173 പേര്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 47 വര്‍ഷം മുമ്പ് ഹിജ്‌റ 1399 ല്‍ ആണ് ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തിലുള്ള അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന് തുടക്കമായത്. ഹിജ്‌റ 1397 ല്‍ തുനീഷ്യയില്‍ നടന്ന യോഗത്തിലാണ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം സംഘടിപ്പിക്കുകയെന്ന ആശയം ഉയര്‍ന്നുവന്നത്. സൗദി ഹജ്, ഔഖാഫ് മന്ത്രാലയം ഇത് ഏറ്റെടുക്കുകയും മക്കയില്‍ പ്രതിവര്‍ഷം മത്സരം സംഘടിപ്പിക്കാന്‍ രാജാവ് അനുമതി നല്‍കുകയുമായിരുന്നു. ഹിജ്‌റ 1414 ല്‍ ഇസ്‌ലാമിക, ഔഖാഫ് മന്ത്രാലയം സ്ഥാപിച്ചതോടെ മത്സരത്തിന്റെ സംഘാടന ചുമതല ഇസ്‌ലാമിക മന്ത്രാലയത്തിലേക്ക് മാറുകയായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാനും മനസ്സിലാക്കാനും പാരായണം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും ലോകത്ത് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിസുമാര്‍ക്കിടയില്‍ മാന്യമായ മത്സരം പ്രോത്സാഹിപ്പിക്കാനും വളര്‍ന്നുവരുന്ന തലമുറയെ വിശുദ്ധ ഖുര്‍ആനുമായി ബന്ധിപ്പിക്കാനും മറ്റുമാണ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. മത്സരാര്‍ഥികള്‍ക്ക് സൗദിയില്‍ വന്നുപോകാനുള്ള മുഴുവന്‍ ചെലവും സൗദി അറേബ്യയാണ് വഹിക്കുന്നത്. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസിനു പുറമെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്യും. കിസ്‌വ നിര്‍മാണ കോംപ്ലക്‌സ് സന്ദര്‍ശനം, മസ്ജിദുന്നബവി സിയാറത്ത്, മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, ഹറം, മസ്ജിദുന്നബവി ഇമാമുമാരായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനുമുള്ള അവസരം എന്നിവയെല്ലാം മത്സരാര്‍ഥികള്‍ക്ക് ഒരുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.