സെൻആ– ചെങ്കടലിൽ മുക്കിയ ഗ്രീക്ക് നിയന്ത്രണത്തിലുള്ള ചരക്കു കപ്പലിലെ 10 ജീവനക്കാരെ രക്ഷപ്പെടുത്തി പിടികൂടിയതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ അറിയിച്ചു. ജൂലൈ ആദ്യത്തിൽ മുക്കിയ ചരക്ക് കപ്പലായ എറ്റേണിറ്റി സിയിൽ നിന്നുള്ള ജീവനക്കാരെയാണ് പിടികൂടിയത്.
കപ്പലിലെ 10 ജീവനക്കാരുടെ ചിത്രങ്ങൾ കാണിക്കുന്ന ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഹൂത്തികൾ പുറത്തുവിട്ടു. ഇസ്രായിലി തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകൾക്ക് ഹൂത്തികൾ ഏർപ്പെടുത്തിയ സമുദ്ര വിലക്കിനെ കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന കപ്പൽ ജീവനക്കാരുടെ മൊഴികളും വീഡിയോയിലുണ്ട്. കപ്പൽ ഇസ്രായിലിലെ ഈലാത്ത് തുറമുഖത്തേക്ക് വളം കയറ്റാൻ പോകുകയായിരുന്നുവെന്നും ജീവനക്കാർ വീഡിയോയിൽ പറഞ്ഞു.
ഡ്രോൺ ബോട്ടുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഉപയോഗിച്ച് ഹൂത്തികൾ നടത്തിയ ആക്രമണങ്ങളിൽ ഈ മാസം യെമനിൽ മുങ്ങിയ രണ്ടാമത്തെ കപ്പലാണ് ലൈബീരിയൻ പതാക വഹിച്ച എറ്റേണിറ്റി സി. ആക്രമണങ്ങളെ തുടർന്ന് എറ്റേണിറ്റി സി ജീവനക്കാരും മൂന്ന് സായുധ ഗാർഡുകളും കപ്പൽ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
സ്വകാര്യ നേതൃത്വത്തിലുള്ള ദൗത്യ സംഘം കപ്പലിലുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തിയിരുന്നു. അഞ്ച് പേർ മരിച്ചു. മറ്റു പത്ത് പേരെ ഹൂത്തികൾ പിടികൂടിയിട്ടുണ്ടെന്ന് സമുദ്ര സുരക്ഷാ വൃത്തങ്ങൾ നേരത്തെ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.
എറ്റേണിറ്റി സി മുങ്ങുന്നതിന് ദിവസങ്ങൾക്കു മുമ്പ് ഗ്രീക്ക് നിയന്ത്രണത്തിലുള്ള മറ്റൊരു കപ്പലായ മാജിക് സീസ് ഹൂത്തി ആക്രമണത്തെ തുടർന്ന് ചെങ്കടലിൽ മുങ്ങിയിരുന്നു. ഗാസയിലെ യുദ്ധത്തിൽ ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യ പ്രകടിപ്പിക്കുകയാണെന്ന് പറഞ്ഞ് 2023 നവംബറിനും 2024 ഡിസംബറിനും ഇടയിൽ 100 ലേറെ കപ്പലുകളാണ് ഹൂത്തികൾ ആക്രമിച്ചത്.
ഇസ്രായിലി തുറമുഖങ്ങളുമായി വ്യാപാരം നടത്തുന്ന ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകൾക്കെതിരെയും ഏത് രാജ്യത്തിൻ്റേതാണെന്ന് നോക്കാതെ ആക്രമിക്കുമെന്ന് ഹൂത്തികൾ ഞായറാഴ്ച ഭീഷണി മുഴക്കി. ഇസ്രായിലിനെതിരായ തങ്ങളുടെ സൈനിക പ്രവർത്തനങ്ങളുടെ നാലാം ഘട്ടമാണ് ഇതെന്നും ഹൂത്തികൾ പറഞ്ഞു. സമീപകാല ആക്രമണങ്ങളെ തുടർന്ന് നാവികരെയും ആഗോള ഷിപ്പിംഗിനെയും സംരക്ഷിക്കാനും സഹായിക്കാനും ചെങ്കടലിൽ രക്ഷാദൗത്യ സംഘത്തെ വിന്യസിക്കുമെന്ന് ഗ്രീസ് പറഞ്ഞു.