ജിദ്ദ – കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്തിലെ താപനില ഏറ്റവും കൂടിയ നഗരങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയില്‍ രണ്ട് സൗദി നഗരങ്ങളും മറ്റു ആറ് അറബ് നഗരങ്ങളും ഇടം നേടി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ സൗദി അറേബ്യയില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തും എത്തി. അല്‍ഹസയില്‍ താപനില 49.3 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു. 48.2 ഡിഗ്രി സെല്‍ഷ്യസുമായി ദമാം സൗദി അറേബ്യയില്‍ രണ്ടാം സ്ഥാനത്തും ആഗോളതലത്തില്‍ ഏഴാം സ്ഥാനത്തുമാണ്. കിഴക്കന്‍ സൗദി അറേബ്യയെ ബാധിച്ച ഉഷ്ണതരംഗം ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മെയ് 24 ന് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ പട്ടികയില്‍ മറ്റു ആറ് അറബ് നഗരങ്ങളും ഉള്‍പ്പെടുന്നു. ഇതില്‍ രണ്ടെണ്ണം യു.എ.ഇയിലും ഒന്ന് അള്‍ജീരിയയിലും മറ്റൊന്ന് കുവൈത്തിലും ഒന്ന് ഇറാഖിലും ഒരു നഗരം ഒമാനിലുമാണെന്ന് ലോകമെമ്പാടുമുള്ള ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ താപനില ട്രാക്ക് ചെയ്യുന്ന ഓഗ്‌മെന്റഡ് വെതര്‍ വെബ്സൈറ്റില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.
അല്‍ഐനില്‍ താപനില 51.6 ഡിഗ്രി സെല്‍ഷ്യസ് ആയി, യു.എ.ഇയില്‍ റെക്കോര്‍ഡ് നില രേഖപ്പെടുത്തി
താപനില
ദുബായ് – കൊടുംചൂടില്‍ യു.എ.ഇ വെന്തുരുകുന്നു. ഇന്ന് യു.എ.ഇയില്‍ കൂടിയ താപനില 51.6 ഡിഗ്രി സെല്‍ഷ്യസിലെത്തി. യു.എ.ഇയുടെ ചരിത്രത്തില്‍ മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇത് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനിലക്ക് അടുത്താണെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (ദേശീയ കാലാവസ്ഥാ കേന്ദ്രം) അറിയിച്ചു.
രാജ്യത്ത് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില അല്‍ഐനിലെ സുവൈഹാനില്‍ ആയിരുന്നു. പ്രാദേശിക സമയം ഉച്ചക്ക് 1:45 ന് 51.6 ഡിഗ്രി സെല്‍ഷ്യസ് ആയി സുവൈഹാനില്‍ താപനില ഉയര്‍ന്നു.
2010 ല്‍ അബുദാബിയിലെ അല്‍യാസാത്ത് ദ്വീപില്‍ രേഖപ്പെടുത്തിയ 52 ഡിഗ്രി സെല്‍ഷ്യസാണ് യു.എ.ഇയില്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയെന്ന് കാലാവസ്ഥാ കേന്ദ്രം എ.എഫ്.പിയോട് പറഞ്ഞു. മെയ് മാസത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 50.4 ഡിഗ്രി സെല്‍ഷ്യസാണെന്ന് വെള്ളിയാഴ്ച ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ താപനിലയും ഇന്ന് മറികടന്നു. 2003 മുതല്‍ യു.എ.ഇയിലെ കാലാവസ്ഥാ വിവരങ്ങള്‍ നിരീക്ഷിച്ചുവരുന്ന കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഇതിനു മുമ്പ് മെയ് മാസത്തില്‍ യു.എ.ഇയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 2009 ല്‍ 50.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
വേനല്‍ക്കാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ, മരുഭൂമിയായ ഗള്‍ഫ് രാജ്യത്ത് സമീപ വര്‍ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അസാധാരണമാംവിധം ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.
ദുബായില്‍ ഇന്ന് താപനില 45 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. തങ്ങളുടെ വാഹനങ്ങളിലെ എയര്‍ കണ്ടീഷണറുകള്‍ കഠിനമായ ചൂട് ലഘൂകരിക്കാന്‍ വേണ്ടത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ ഈ പ്രതിഭാസം എത്തിയതില്‍ അവര്‍ അത്ഭുതപ്പെടുന്നു. 2023 ല്‍ കോപ്-28 കാലാവസ്ഥാ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ച യു.എ.ഇയില്‍ കഴിഞ്ഞ ഏപ്രിലില്‍ ശരാശരി താപനില 42.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇത് റെക്കോര്‍ഡ് ആണ്.
ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ 2024 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, അറബ് രാജ്യങ്ങളിലെ പുറം ജോലിക്കാര്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടിന്റെ സമ്മര്‍ദം അനുഭവിക്കുന്നു. 83.6 ശതമാനം പേരും ജോലിസ്ഥലത്ത് അമിതമായ ചൂടിന് വിധേയരാകുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അയല്‍രാജ്യമായ സൗദി അറേബ്യയിലെ മക്കയില്‍ വാര്‍ഷിക ഹജ് തീര്‍ഥാടനത്തിനിടെ 1,300 ലേറെ തീര്‍ഥാടകര്‍ മരിച്ചതോടെ ആഗോളതാപനത്തിന്റെ അപകടങ്ങള്‍ തുറന്നുകാട്ടപ്പെട്ടു എന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും ദീര്‍ഘനേരം നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ തട്ടിയ അനധികൃത തീര്‍ഥാടകരായിരുന്നു.
2022 ലെ ഗ്രീന്‍പീസ് റിപ്പോര്‍ട്ട് അനുസരിച്ച് മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ആഗോള ശരാശരിയുടെ ഇരട്ടി ചൂട് അനുഭവപ്പെടുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന് ഗണ്യമായി വിധേയമാക്കുകയും ഭക്ഷ്യ-ജല സുരക്ഷക്കുള്ള അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ, വാതക കയറ്റുമതി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലെ കോടിക്കണക്കിന് ആളുകള്‍ ജലക്ഷാമം, ഉഷ്ണതരംഗങ്ങള്‍, വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റ് പ്രതികൂല ഫലങ്ങള്‍ എന്നിവയുടെ അപകടസാധ്യത നേരിടുന്നതായി യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചു.