അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട തന്നൂമയിലെ കനത്ത മഴഅണക്കെട്ട് ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഭാഗികമായി തകര്‍ന്നു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാനും അണക്കെട്ട് കൂടുതല്‍ അപകടാവസ്ഥയിലാകുന്ന പക്ഷം പ്രശ്‌നം കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി കണ്‍ട്രോള്‍ റൂം തുറക്കാന്‍ അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി.
ഇത്തവണ മഴ സീസണ്‍ ആരംഭിച്ചതു മുതല്‍ ഗാലിബ അണക്കെട്ട് പരിശോധിക്കുകയും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്, എന്‍ജിനീയറിംഗ് സംഘങ്ങളെ വിളിച്ചുവരുത്തി അണക്കെട്ട് പരിശോധിപ്പിക്കുകയും ഈ സംഘങ്ങള്‍ ടെക്‌നിക്കല്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ഭാഗം ശരിയാക്കാന്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ ആരംഭിക്കുകയും ചെയ്തതായി അസീര്‍ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എന്‍ജിനീയര്‍ അഹ്മദ് ആലുമുജസല്‍ പറഞ്ഞു. അണക്കെട്ടില്‍ പൂര്‍ണ തോതില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള കരാര്‍ മന്ത്രാലയം നല്‍കിയിട്ടുണ്ട്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ ഫീല്‍ഡ് സംഘം അണക്കെട്ടിലെ ജലവിതാനവും അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും എന്‍ജിനീയര്‍ അഹ്മദ് ആലുമുജസല്‍ പറഞ്ഞു.