ജിദ്ദ: ഹജ് സീസണ്‍ വിസാ കാലാവധി ദുല്‍ഹജ് അവസാനം വരെ മാനവശേഷി,സാമൂഹിക വികസന മന്ത്രാലയം നീട്ടി. ഇതടക്കം താല്‍ക്കാലിക തൊഴില്‍ വിസകളുമായി ബന്ധപ്പെട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിരവധി പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കി.ഈ വര്‍ഷത്തെ ഹജ് സീസണിനായുള്ള തൊഴില്‍ വിപണിയുടെ സന്നദ്ധതയെ പിന്തുണക്കാനും ഹജ്, ഉംറ സേവന മേഖയലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ശ്രമിച്ചാണിത്.
ശവ്വാല്‍ മാസത്തിന്റെ തുടക്കത്തില്‍ മന്ത്രിസഭ അംഗീകരിച്ച, താല്‍ക്കാലിക തൊഴില്‍ വിസകളുമായും ഹജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസകളുമായും ബന്ധപ്പെട്ട പുതുക്കിയ നിയമാവലി അനുസരിച്ചാണിത്.ഉപയോഗത്തിന്റെ വ്യാപ്തി നിര്‍വചിക്കുന്നതിനായി വിസയുടെ പേര് ഹജ്,ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസ എന്ന് ഭേദഗതി ചെയ്യുന്നതും ഉംറ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതും നിയമാവലിയില്‍ ഉള്‍പ്പെടുന്നു.
സീസണ്‍ തൊഴില്‍ വിസ അനുവദിക്കാനുള്ള സമയം എല്ലാ വര്‍ഷവും ശഅബാന്‍ 15 മുതല്‍ മുഹറം അവസാനം വരെ നീട്ടിയതും ഭേദഗതികളില്‍ ഉള്‍പ്പെടുന്നു. വിദേശത്തുള്ള സൗദി എംബസികള്‍ വിസ അനുവദിക്കുന്നതിന് മുമ്പുള്ള അടിസ്ഥാന ആവശ്യകതകള്‍ എന്ന നിലയില്‍, ഇരു കക്ഷികളും ഒപ്പിട്ട തൊഴില്‍ കരാറിന്റെ പകര്‍പ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സിനൊപ്പം സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
പരിഷ്‌കരിച്ച നിയമാവലിയെ കുറിച്ച അവബോധം വളര്‍ത്താനും നടപ്പാക്കല്‍ സംവിധാനങ്ങള്‍ സുഗമമാക്കാനുമായി ചേംബര്‍ ഓഫ് കൊമേഴ്സുകള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും മക്കയിലും മദീനയിലും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശില്‍പശാലകള്‍ സംഘടിപ്പിച്ചിരുന്നു. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഹജ്, ഉംറ സേവനങ്ങള്‍ നല്‍കാനും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും അംഗീകൃത സ്ഥാപനങ്ങളെ ഈ ക്രമീകരണങ്ങള്‍ പ്രാപ്തമാക്കുന്നു.