മക്ക – ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ലോകൈകനാഥന്റെ വിളിക്കുത്തരം നല്കി പ്രാര്‍ഥനാ മന്ത്രങ്ങളുമായി ആത്മീയോല്ക്കര്ഷത്തില് തീര്‍ഥാടക ലക്ഷങ്ങള്‍ തര്‍വിയ ദിനമായ ഇന്ന് മിനാ താഴ്വരയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ജീവിതാഭിലാഷം സഫലമായതിന്റെ നിര്‍വൃതിയില്‍ ലോക രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പതിനാറു ലക്ഷത്തിലേറെ വരുന്ന ഹാജിമാരും സൗദി അറേബ്യക്കകത്തു നിന്നുള്ള തീര്‍ഥാടകരും ശുഭ്രവസ്ത്രം ധരിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ കൂട്ടംകൂട്ടുമായി മിനായിലെത്താന് തുടങ്ങി.
ദൈവീക കീര്‍ത്തനങ്ങളാലും പ്രാര്‍ഥനകളാലും ഇന്ന് മിനായില്‍ രാപാര്‍ക്കുന്ന ഹാജിമാര്‍ ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ അര്‍ധരാത്രിക്കു ശേഷം അറഫയിലേക്ക് നീങ്ങും.
നിയമ ലംഘനങ്ങള്‍ തടയാനും ഹാജിമാരുടെ സുരക്ഷ ഉറപ്പുവരുത്താനും ക്രമസമാധാനം പാലിക്കാനും തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനും ബന്ധപ്പെട്ട വകുപ്പുകള്‍ വളരെ നേരത്തെ തന്നെ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. ഹജ് പെര്‍മിറ്റില്ലാത്ത നിയമ ലംഘകര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ മക്കക്കും പുണ്യസ്ഥലങ്ങള്‍ക്കും ചുറ്റും പഴുതടച്ച സുരക്ഷയാണ് ഹജ് സുരക്ഷാ സേനയും വിവിധ സുരക്ഷാ വകുപ്പുകളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹജിനിടെ രാഷ്ട്രീയ, വിഭാഗീയ പതാകകള്‍ ഉയര്‍ത്തുന്നതും എല്ലാതരം മുദ്രാവാക്യങ്ങളും മുഴക്കുന്നതും കര്‍ശനമായി വിലക്കുമെന്നും ഹാജിമാരുടെ സുരക്ഷക്ക് ഭംഗംവരുത്താന്‍ ശ്രമിക്കുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹുവിന്റെ അതിഥികളായി എത്തിയ ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും പരിചരണങ്ങളും നല്‍കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഇത്തവണ പുണ്യസ്ഥലങ്ങളില്‍ നിരവധി പുതിയ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ജബലുറഹ്മയില് തണല്‍ കുടകള്‍, മിസ്റ്റിംഗ് ഫാനുകള്‍, നമിറ മസ്ജിദ് മുറ്റങ്ങളില്‍ തണല്‍ കുടകള്‍, പുണ്യസ്ഥലങ്ങളിലെ റോഡുകളില്‍ ചൂട് കുറക്കാന്‍ ശ്രമിച്ച് റബ്ബര്‍ ടാറിംഗ്, വെള്ള പെയിന്റിംഗ്, ന്യൂ മിന എമര്‍ജന്‍സി ആശുപത്രി, ഇരുപതിനായിരം മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, ഭക്ഷണ, പാനീയങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നത് കൂടുതല്‍ വ്യവസ്ഥാപിതമാക്കാന്‍ ലക്ഷ്യമിട്ട് പുണ്യസ്ഥലങ്ങളിലെങ്ങുമായി പ്രത്യേകം നിര്‍മിച്ച കേന്ദ്രങ്ങള്‍, കൂടുതല്‍ സുഖകരമായ താമസസൗകര്യം പ്രദാനം ചെയ്യുന്ന ഇരുനില തമ്പ് പദ്ധതിയുടെ ആദ്യ ഘട്ടം അടക്കമുള്ള പദ്ധതികളാണ് ഈ വര്‍ഷം പുതുതായി പൂര്‍ത്തിയാക്കിയത്.
മരുന്നുകളും മെഡിക്കല്‍ വസ്തുക്കളും പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും വേഗത്തില്‍ എത്തിക്കാന്‍ ആരോഗ്യ മന്ത്രാലയം ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. അഗ്നിശമന, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ആള്‍ക്കൂട്ട നിയന്ത്രണത്തിന് നിര്‍മിതബുദ്ധി സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. തീര്‍ഥാടകരുടെ നീക്കങ്ങളും പുണ്യസ്ഥലങ്ങളിലെ സുരക്ഷയും മറ്റും നിരീക്ഷിക്കാന്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ക്കു കീഴിലെ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. അടിയന്തിര ചികിത്സയും പരിചരണങ്ങളും ആവശ്യമുള്ള തീര്‍ഥാടകരെ എത്രയും വേഗം ആശുപത്രികളിലെത്തിക്കാന്‍ റെഡ് ക്രസന്റ് അതോറിറ്റി 11 എയര്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നു. മരുഭൂപാതകളിലൂടെയും ദുര്‍ഘടമായ പ്രദേശങ്ങളിലൂടെയും നിയമ ലംഘകര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്.
ചുട്ടുപൊള്ളുന്ന വേനലിലാണ് ഇത്തവണത്തെ ഹജ് എന്നതിനാല്‍ സൂര്യാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന താപനില കാരണമായ ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ആരോഗ്യ മന്ത്രാലയം തീര്‍ഥാടകരെ ശക്തമായി ബോധവല്ക്കരിക്കുന്നുണ്ട്. നാളെ അറഫ ദിനത്തില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് ഹാജിമാര്‍ തമ്പുകളില്‍ തന്നെ കഴിയണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.