ജിദ്ദ – സ്വന്തം രാജ്യങ്ങളിലെ ബാങ്കുകള്‍ ഇഷ്യു ചെയ്ത എ.ടി.എം കാര്‍ഡുകള്‍ ഹജ് തീര്‍ഥാടകര്‍ക്ക് സൗദിയില്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന സേവനം ഈ വര്‍ഷം ആദ്യമായി നടപ്പാക്കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. വിസ, മാസ്റ്റര്‍ കാര്‍ഡ്, യൂനിയന്‍ പേ, ഡിസ്‌കവര്‍, അമേരിക്കന്‍ എക്‌സ്പ്രസ്, ഗള്‍ഫ് പെയ്‌മെന്റ് നെറ്റ്‌വര്‍ക്ക് ‘ആഫാഖ്’ തുടങ്ങി ആഗോള പെയ്‌മെന്റ് നെറ്റ്‌വര്‍ക്കുകള്‍ വഴിയുള്ള പെയ്‌മെന്റുകളും പണം പിന്‍വലിക്കലുകളും ദേശീയ പെയ്‌മെന്റ് സംവിധാനമായ ‘മദ’യുടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ഷങ്ങളായി പിന്തുണക്കുന്നു.
തീര്‍ഥാടകര്‍ക്ക് തങ്ങളുടെ രാജ്യത്തെ എ.ടി.എം കാര്‍ഡുകളുമായി ലങ്ക് ചെയ്തിരിക്കുന്ന ആഗോള നെറ്റ്‌വര്‍ക്ക് സൗദിയിലെ സ്‌റ്റോറുകളോ എ.ടി.എമ്മുകളോ സ്വീകരിക്കുകയാണെങ്കില്‍ അത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് സൗദിയില്‍ വെച്ച് പെയ്‌മെന്റ്, പണം പിന്‍വലിക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ ആവശ്യമായ ഒരുക്കങ്ങളെല്ലാം സെന്‍ട്രല്‍ ബാങ്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹജ് സീസണില്‍ പുണ്യസ്ഥലങ്ങളിലും മക്കയിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ താല്‍ക്കാലിക, മൊബൈല്‍ ശാഖകളും അടക്കം 110 ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബലിപെരുന്നാള്‍ അവധിക്കാലത്ത് സൗദിയിലെങ്ങുമായി 36 ബാങ്ക് ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
രാവിലെ ഒമ്പതര മുതല്‍ രാത്രി എട്ടര വരെയാണ് ഇവയുടെ പ്രവൃത്തി സമയം. എയര്‍പോര്‍ട്ടുകളിലെ ബാങ്ക് ശാഖകള്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഹാജിമാരുടെ സേവനത്തിന് 1,220 എ.ടി.എമ്മുകളുണ്ട്. ഇതില്‍ 633 എണ്ണം മക്കയിലും 568 എണ്ണം മദീനയിലും 19 എണ്ണം പുണ്യസ്ഥലങ്ങളിലെ മൊബൈല്‍ എ.ടി.എമ്മുകളുമാണെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.