കോഴിക്കോട്– അടുത്ത വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ബന്ധപ്പെട്ട രേഖകൾ ഓൺലൈനായും സമർപ്പിക്കാം. ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിലാണ് രേഖകൾ സമർപ്പിക്കാൻ സാധിക്കുക. വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ഓൺലൈനായി രേഖകൾ സമർപ്പിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300 രൂപ ആഗസ്റ്റ് 20 നകം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ചാണ് പണം അടക്കേണ്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ പണം അടക്കാം. ഓൺലൈനായും പണമടക്കാൻ സാധിക്കും. കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും പേരും രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, തീർഥാടകരുടെ പണം അടച്ചത് അടക്കമുള്ള രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വീകരിച്ച് തുടങ്ങി. ആദ്യഗഡുവായി 1,52,300 രൂപ അടച്ച രശീതി, മെഡിക്കൽ സ്ക്രീനിങ് ആൻ്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് , ഹജ്ജ് അപേക്ഷ ഫോറം, ഡിക്ലറേഷൻ എന്നിവയാണ് ഹജ്ജ് കമ്മിറ്റിയിൽ സമർപ്പിക്കേണ്ടത്. രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25 ആണ്.