റിയാദ്– ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ക്രിസ്മസ്, പുതുവത്സര, ബാര്‍ബിക്യു മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു. പുതുവത്സര ദിനത്തില്‍ എക്‌സിറ്റ് 18 ലെ യാ നബി ഇസ്തിറാഹയില്‍ വൈകിട്ട് 7 മണിക്ക് തുടങ്ങിയ പരിപാടി രാത്രി 2 മണിവരെ നീണ്ടു. കുട്ടികളുടെ ഗാന സന്ധ്യയോടുകൂടി ആരംഭിച്ച പരിപാടിയില്‍ സാംസ്‌കാരിക സമ്മേളനവും ഡാന്‍സ് പാര്‍ട്ടിയും ഗാനമേളയും, ഡിജെ പാര്‍ട്ടിയും നടന്നു.
സാംസ്‌കാരിക സമ്മേളനത്തില്‍ ജിഎംഎഫ് റിയാദ് പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ കുമരനെല്ലൂര്‍ സ്വാഗതം പറഞ്ഞു. ശിഫ ക്ലിനിക് എംഡി ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. അജിത്, ഡോ.ജയചന്ദ്രന്‍, സലീം കളക്കര, മജീദ് ചിങ്ങോലി, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുല്‍ അസീസ് പവിത്ര, അഷ്‌റഫ് മൂവാറ്റുപുഴ, ഹരികൃഷ്ണന്‍, സുബൈര്‍ കുമ്മിള്‍, അഫ്‌സല്‍ കണ്ണൂര്‍, ഖമര്‍ ഭാനു ടീച്ചര്‍, വിജയന്‍ നെയ്യാറ്റിന്‍കര എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ട്രഷറര്‍ സജീര്‍ പെരുംകുളം നന്ദി പറഞ്ഞു.



