ജിദ്ദ: ലോകമെമ്പാടുമുള്ള മലയാളി സഹൃദയരുടെ സംസാരവിഷയമായ ‘ആട് ജീവിതം’ ആദ്യപ്രദര്‍ശനദിനത്തില്‍ തന്നെ തിയേറ്ററുകളെ ഇളക്കി മറിച്ചതിന്റെ
ഹരത്തില്‍ മുന്‍ ജിദ്ദാ പ്രവാസിയും ഈ സിനിമയുടെ ലാംഗ്വേജ് കണ്‍സള്‍ട്ടന്റുമായ മൂസക്കുട്ടി വെട്ടിക്കാട്ടിരി. അഞ്ചു വര്‍ഷമായി ഈ സിനിമയോടൊപ്പം സഞ്ചരിച്ചതിന്റെ അധ്വാനം സഫലമായ സംതൃപ്തിയിലാണ് താനെന്ന് ആട് ജീവിതത്തിലെ അണിയറ പ്രവര്‍ത്തകരോടൊപ്പം കൊച്ചി ലുലു മാളിലെ വനിത തിയേറ്ററില്‍ നിന്നിറങ്ങവെ മൂസക്കുട്ടി, ദ മലയാളം ന്യൂസിനോട് വീഡിയോ കോളില്‍ അഭിപ്രായപ്പെട്ടു.
അഞ്ച് വര്‍ഷത്തെ അധ്വാനം സഫലമായെന്ന് മൂസക്കുട്ടി വെട്ടിക്കാട്ടിരി
ടൈറ്റിലുകള്‍ മിന്നിപ്പൊലിഞ്ഞപ്പോള്‍ തെളിഞ്ഞുകണ്ടു: ലാംഗ്വേജ് കണ്‍സള്‍ട്ടന്റ്: മൂസക്കുട്ടി വെട്ടിക്കാട്ടിരി.
– ആഹ്ലാദത്തിന്റെ നിമിഷമാണിത്. ആട്ജീവിതത്തില്‍ വേഷമിട്ട ഒമാനി നടന്‍ താലിബ്, സോമാലിയുടെ റോളില്‍ തിളങ്ങിയ ഹോളിവുഡ് നടന്‍ ജിമ്മി ജെയിന്‍, ബെന്യാമിന്‍, സഹസംവിധായകന്‍ റോബിന്‍, മേയ്ക്കപ്പ് മാന്‍ രഞ്ജിത് അമ്പാടി, ഒറിജിനൽ കഥാപാത്രമായ നജീബിന്റെ ബന്ധുക്കള്‍ എന്നിവരോടും സിനിമയുടെ പിന്നണിയില്‍ സഹകരിച്ച മറ്റുള്ളവരുടെയും അവരുടെ അതിഥികളുടേയും സംഘത്തിനുള്ള ആദ്യത്തെ പ്രദര്‍ശനത്തിലാണ് ഇവരോടൊപ്പമിരുന്ന് താന്‍ സിനിമ കണ്ടത്. കണ്ണുകള്‍ നിറഞ്ഞു മൂസക്കുട്ടി പറഞ്ഞു.

ഏറെക്കാലം ജിദ്ദയിലുണ്ടായിരുന്ന, അധ്യാപകനും അറബി ഭാഷയില്‍ പ്രാവീണ്യമുള്ള എഴുത്തുകാരനുമായ മലപ്പുറം പാണ്ടിക്കാടിനടുത്ത വെട്ടിക്കാട്ടിരി സ്വദേശിയാണ് മൂസക്കുട്ടി. ആട് ജിവിതവുമായി സഹകരിക്കാനുള്ള സംവിധായകന്‍ ബ്ലെസിയുടെ ക്ഷണം സ്വീകരിച്ച് അവരോടൊപ്പം നീണ്ട അഞ്ചു വര്‍ഷമാണ് ഇദ്ദേഹം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് സഞ്ചരിച്ചത്. തിരക്കഥയുടെ മലയാളം ആഖ്യാനം പലപ്പോഴും അറബിയിലേക്കും അറബി സംഭാഷണങ്ങളുടെ പരിഭാഷ മലയാളത്തിലേക്കും മാറ്റുകയും നടന്മാരെ അത് പഠിപ്പിക്കുകയും ചെയ്യുന്ന ലാംഗ്വേജ് കണ്‍സള്‍ട്ടന്റായി മൂസക്കുട്ടി ആട്ജീവിതത്തില്‍ പ്രവര്‍ത്തിച്ചത്.

ജോര്‍ദാനിലെ വാദിറം എന്ന മരുഭൂമിയിലായിരുന്നു ആട്ജീവിതം ചിത്രീകരിച്ചത്. ഇതിനായി ക്രൂവിനൊപ്പം മൂസക്കുട്ടിയും മൂന്നുതവണയാണ് അവിടേക്ക് യാത്ര ചെയ്തത്. രണ്ടാം തവണ അവിടെ വെച്ച് കോവിഡ് ബാധിക്കുകയും നിരവധി വിഷമഘട്ടങ്ങള്‍ നേരിടേണ്ടി വരികയും ചെയ്ത അനുഭവവും ഇദ്ദേഹത്തിനുണ്ട്. സ്‌ക്രിപ്റ്റ് ഏറെക്കുറെ കാണാപ്പാഠമായ മൂസക്കുട്ടിയുടെ ഈ രംഗത്തെ സേവനം ബ്ലെസിയും ബെന്യാമിനും പൃഥ്വിരാജുമുള്‍പ്പെടെയുള്ളവര്‍ പ്രശംസിക്കുകയുണ്ടായി.
– ഈ സിനിമ മലയാള ചലച്ചിത്രാസ്വാദനത്തിന്റെ നിലവാരം മാറ്റിമറിക്കും. നജീബിന്റെ യഥാര്‍ഥജീവിതത്തിന്റെ തന്മയത്വത്തോടെയുള്ള ചിത്രീകരണം, മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്ന നിരവധി മനുഷ്യരുടെ സങ്കടങ്ങളുടെ നേര്‍ച്ചിത്രമാണ്. മാനവികതയുടേയും കാരുണ്യത്തിന്റേയും പാഠങ്ങള്‍ കൂടി സ്‌ക്രീനിലേക്ക് പകര്‍ത്തപ്പെട്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ അഭിനയത്തെ അപാരമെന്ന വിശേഷണത്തില്‍ ഒതുക്കാനാവില്ല. ഒരു മഹാനടന്റെ സൂപ്പര്‍ റെയ്ഞ്ച് ഇന്ത്യന്‍ സിനിമാലോകം തിരിച്ചറിയുന്ന സിനിമ കൂടിയാണ് ആട്ജീവിതം- മൂസക്കുട്ടിു കൂട്ടിച്ചേര്‍ത്തു.