റിയാദ് : പ്രശസ്ത ഗസൽ ഗായകനും പിന്നണി ഗായഗനുമായ അലോഷി ആദംസിന് റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിൽ സ്വീകരണം നൽകി. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് അലോഷിയെ ബൊക്കെ നൽകി സ്വീകരിച്ചു. കേളി സൈബർ വിംഗ് കൺവീനർ ബിജു തായമ്പത്ത്, ജീവകാരുണ്യ വിഭാഗം കൺവീനർ മധു എടപ്പുറത്ത് എന്നുവരും സന്നിഹിതരായിരുന്നു.
കേളി കലാസാംസ്കാരിക വേദിയുടെ ‘വസന്തം – സീസൺ 3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദിൽ എത്തിയത്. ആദ്യമായി സൗദി അറേബ്യയിൽ എത്തുന്ന അലോഷി 28 ന് കേളിയുടെ ‘വസന്തം-3’ വേദിയിൽ ഗസൽ സന്ധ്യ ഒരുക്കും. അലോഷിക്കൊപ്പം തബലിസ്റ്റ് ഷിജിൻ തലശ്ശേരി, ഹാർമോണിയം കൈകാര്യം ചെയ്യാൻ അനു പയ്യന്നൂർ എന്നിവരും എത്തിയിട്ടുണ്ട്. റിയാദിൽ നിന്നുള്ള ഷാനവാസ് ഷാനു (ഗിത്താർ) മുഹമ്മദ് റോഷൻ (കീബോർഡ്) എന്നിവരും അലോഷിയോടൊപ്പം ചേരും.
ഗൄഹാതുരത്വം പുതപ്പിച്ച് കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ഊളിയിട്ട് പ്രണയവും വിരഹവും വിപ്ലവവും ഇഴചേർത്ത് അലോഷിയുടെ ഗാനങ്ങളുടെ സ്വീകാര്യത കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തും ഗൾഫ് മേഖലയിലേക്കും വ്യാപിക്കുകയാണ്. ഇതിനോടകം രണ്ട് സിനിമകളിൽ പാടിയിട്ടുള്ള അലോഷി മികച്ച പിന്നണിഗായകൻ കൂടിയാണ്.
എന്നും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള അലോഷി ഗാസയിലെ പൊലിഞ്ഞു പോയ കുഞ്ഞുങ്ങളുടെ സ്മരണാർത്ഥം ഈയിടെ ജനിച്ച രണ്ടാമത്തെ കുഞ്ഞിന്ന് ‘ഗാസ’ എന്നാണ് പേര് നൽകിയിട്ടുള്ളത്. കേളിയുടെ ക്ഷണപ്രകാരം എത്തിയിട്ടുള്ള അലോഷിക്ക് സൗദിയിലെ ആദ്യ പരിപാടി സഹോദര സംഘടനയായ ദമാം നോവോദയയുടേതാണ്. 27 ന് രാത്രി നടക്കുന്ന പരിപാടിക്കായി രാവിലെ ദമാമിലേക്ക് തിരിക്കും. 28ലെ വസന്തം-3 ന് ശേഷം ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങും.