ജിദ്ദ – ഗാസയില്‍ ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം അന്താരാഷ്ട്ര റിലീഫ് സംഘടനകള്‍ക്ക് സൗദി അറേബ്യ എട്ടര കോടി ഡോളറിന്റെ ധനസഹായം കൈമാറിയതായി യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധിയും അംബാസഡറുമായ അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസിന് ധനസഹായം നല്‍കുന്ന രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു. സ്വന്തം മണ്ണും നിയമാനുസൃത അവകാശങ്ങളും വീണ്ടെടുക്കാനും 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും ഫലസ്തീന്‍ ജനതക്ക് സൗദി അറേബ്യ നിരന്തര പിന്തുണ നല്‍കും.
യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസിന് എല്ലാ രാജ്യങ്ങളും പിന്തുണ നല്‍കുകയും യു.എന്‍ ഏജന്‍സി നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ക്ക് സുസ്ഥിര പരിഹാരം കാണുകയും വേണം. ഗാസയില്‍ യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷണം നടത്തി സ്വതന്ത്ര കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിനെ സൗദി അറേബ്യ സ്വാഗതം ചെയ്തിട്ടുണ്ട്.
ഒക്‌ടോബര്‍ ഏഴിന് ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിച്ച ശേഷം യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസിന് സൗദി അറേബ്യ അഞ്ചര കോടി ഡോളറിന്റെ ധനസഹായം നല്‍കിയിട്ടുണ്ട്. ഇതടക്കം ഗാസയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്താരാഷ്ട്ര റിലീഫ് സംഘടനകള്‍ക്ക് സൗദി അറേബ്യ ആകെ എട്ടര കോടി ഡോളറിന്റെ സഹായങ്ങളാണ് നല്‍കിയത്.
ഗാസയിലേക്ക് സൗദി അറേബ്യ 54 വിമാന ലോഡ് റിലീഫ് വസ്തുക്കളും എട്ടു കപ്പല്‍ ലോഡ് റിലീഫ് വസ്തുക്കളും അയച്ചു. ആകെ 7,000 ലേറെ ടണ്‍ റിലീഫ് വസ്തുക്കളാണ് സൗദി അറേബ്യ ഗാസയിലേക്ക് അയച്ചതെന്നും അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസിന് പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പങ്കാളിത്ത പ്രതിബദ്ധതാ സംരംഭത്തില്‍ 118 രാജ്യങ്ങള്‍ ചേരുന്നതിന് സമ്മേളനം സാക്ഷ്യം വഹിച്ചു.