ജിദ്ദ– വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികൾക്ക് നിയമ സഹായം സൗജന്യായി ലഭ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സിനു കീഴില്‍ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLC) പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതത് രാജ്യങ്ങളില്‍ കേരളീയരായ അഭിഭാഷകരുടെ സേവനമാണ് ഇതുവഴി ലഭ്യമാക്കിവരുന്നത്. സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലായി ഏഴ് മലയാളി അഭിഭാഷകരാണ് കണ്‍സല്‍ട്ടന്റുമാരായി സേവനം ചെയ്യുന്നത്. ഈ രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായങ്ങള്‍ക്കായി ഇവരെ നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യം നോര്‍ക്ക റൂട്ട്‌സ് ഒരുക്കിയിട്ടുണ്ട്.
പ്രവാസി ലീഗല്‍ എയ്ഡ് സെല്‍
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎല്‍എസി.
ആർക്കെല്ലാം സേവനം ലഭിക്കും?
സാധുവായ തൊഴില്‍ വിസയിലോ വിസിറ്റിങ്ങ് വിസയിലോ വിദേശത്തുളള കേരളീയര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ ചില സാഹചര്യങ്ങളില്‍ തടങ്കലിലോ, ഹോസ്പിറ്റലിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സേവനത്തിനായി അപേക്ഷ നല്‍കാവുന്നതാണ്. കേസുകളിന്മേല്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, വിവിധ ഭാഷകളില്‍ തര്‍ജിമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.
വിവിധ രാജ്യങ്ങളിലെ ലീഗല്‍ കണ്‍സല്‍ട്ടന്റുമാരുടെ വിവരങ്ങൾ
സൗദി അറേബ്യയിൽ രണ്ടും, യുഎഇയിൽ നാലും, കുവൈത്തിൽ ഒന്നും ലീഗൽ കൺസൾട്ടന്റുമാരുടെ സേവനം ഇപ്പോൾ ലഭ്യമാണ്. സൗദി അറേബ്യയിലെ ജിദ്ദയില്‍ അഡ്വ. ഷംസുദ്ദീന്‍ ഓലശ്ശേരി ([email protected], +966 55 688 4488), ദമ്മാമില്‍ അഡ്വ. തോമസ് പി.എം ([email protected], +966502377380) എന്നിവരാണ് നോര്‍ക്ക ലീഗല്‍ കണ്‍സൾട്ടൻ്റുമാര്‍.
യുഎഇയിലെ ഷാര്‍ജ, ദുബായ് മേഖലയില്‍ അഡ്വ. മനു ഗംഗാധരന്‍ ([email protected], +971509898236 / +971559077686), അഡ്വ. അനല ഷിബു ([email protected], +971501670559) എന്നിവരും, അബുദാബിയില്‍ അഡ്വ. സാബു രത്നാകരന്‍ ([email protected], +971501215342), അഡ്വ. സലീം ചൊളമുക്കത്ത് ([email protected], +971503273418) എന്നിവരുടെ സേവനം ലഭ്യമാണ്. കുവൈത്ത് സിറ്റിയില്‍ അഡ്വ. രാജേഷ് സാഗര്‍ ([email protected], +96566606848).
പിഎൽസി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലും (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ് +91-8802 012 345, ഇന്ത്യയില്‍ നിന്നും 1800 425 3939) ബന്ധപ്പെടാവുന്നതാണ്.