റിയാദ്: റിയാദിന് സമീപം ദിലം നഗരത്തിൽ ട്രെയ്‌ലറുമായി പിക്കപ്പ് വാൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം വണ്ടൂർ വാണിയമ്പലം കാരാടിന് സമീപം മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി. റിയാദിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെ ദിലമിൽ ഇന്നലെ രാത്രി നടന്ന ദാരുണമായ അപകടത്തിലാണ് മരണം സംഭവിച്ചത്.
അപകടത്തിൽ മരിച്ച മറ്റ മൂന്ന് പേർ സുഡാൻ പൗരന്മാരാണെന്നാണ് വിവരം. ടോയോട്ട ഹൈലക്സ് പിക്കപ്പ് വാൻ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച ബിഷർ ഒരു സ്വകാര്യ സർവേ കമ്പനിയിൽ ജോലി ചെയ്തിരുന്നു.
മോയിക്കൽ ഉമർ-സൽമത് ദമ്പതികളുടെ മകനാണ് ബിഷർ. പിതാവ് ഉമർ സൗദിയിൽ തന്നെ ജോലി ചെയ്യുന്നു, മാതാവ് സൽമത് വിസിറ്റിംഗ് വിസയിൽ സൗദിയിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ദിലം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.