ജിദ്ദ – മുശ്‌രിഫ ഡിസ്ട്രിക്ടിനു സമീപമുള്ള പബ്ലിക് പാര്‍ക്ക് മാര്‍ക്കറ്റ് ആക്കി മാറ്റി നിയമ ലംഘകരായ വിദേശികള്‍. തിഹാമ പാര്‍ക്ക് ആണ് വിദേശികള്‍ ബിസിനസ് കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ടോടെയാണ് വിദേശികള്‍ പാര്‍ക്കിലെത്തി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ നിരത്തിയിട്ട് വില്‍പന നടത്തുന്നത്. ഭക്ഷണങ്ങളും പഴയ വസ്ത്രങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മാത്രമല്ല ജീവനുള്ള കോഴികളെ വരെ ഇവിടെ വില്‍ക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ വിദേശികള്‍ വലിയ തോതില്‍ പാര്‍ക്കിലെത്തുന്നു. രാത്രിയിലാണ് മാര്‍ക്കറ്റ് സജീവമാകുന്നത് എന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധ ഇങ്ങോട്ട് പതിയുന്നില്ല. ഇത് നിയമ ലംഘകര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്. പാര്‍ക്കിലെ കച്ചവടക്കാരില്‍ മഹാഭൂരിഭാഗവും ഏഷ്യന്‍ വംശജരായ തൊഴിലാളികളാണ്.
പ്രദേശവാസികളുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നിലക്ക് കച്ചവടക്കാരും ഉപയോക്താക്കളുമായ വിദേശികള്‍ പാര്‍ക്കില്‍ ഒഴുകിയെത്തുകയാണെന്ന് പാര്‍ക്കിനു സമീപം താമസിക്കുന്ന സൗദി പൗരന്‍ അബ്ദുറഹ്മാന്‍ അല്‍ഗാംദി പറഞ്ഞു. നിയമ വിരുദ്ധ രീതിയില്‍ പാര്‍ക്കില്‍ ഭക്ഷണം പാകം ചെയ്ത് വില്‍ക്കുന്നത് പ്രദേശത്ത് അസഹ്യമായ ഗന്ധമാണ് പരത്തുന്നത്. വിദേശികളുടെ ചെയ്തികള്‍ പരിസര പ്രദേശത്തെ താമസക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ശുചീകരണ വ്യവസ്ഥകള്‍ ഗൗനിക്കാതെ ഏഷ്യന്‍ വംശജരായ സ്ത്രീകള്‍ പാര്‍ക്കില്‍ വെച്ച് ഭക്ഷണം പാകം ചെയ്ത് വില്‍ക്കുകയാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ഉന്തുവണ്ടികളും പാര്‍ക്കിലുണ്ട്. ചിലര്‍ ജീവനുള്ള കോഴികളെ വില്‍ക്കുന്നതായും അബ്ദുറഹ്മാന്‍ അല്‍ഗാംദി പറഞ്ഞു.
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങളും ഉല്‍പന്നങ്ങളും ലഭിക്കുന്ന പാര്‍ക്ക് ബന്ധുക്കളെയും കൂട്ടുകാരെയും പരസ്പരം കാണാനും ഒത്തുകൂടാനുമുള്ള കേന്ദ്രമായി വിദേശികള്‍ മാറ്റിയിരിക്കുകയാണെന്ന് മറ്റൊരു സൗദി പൗരനായ മുഹമ്മദ് സ്വാലിഹ് പറഞ്ഞു. ഈച്ചയും പ്രാണികളും വായുവിലൂടെ പകരുന്ന രോഗാണുക്കളും പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള നിലക്ക് തുറന്ന നിലയിലാണ് ഇവിടെ ഭക്ഷണങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നതെന്നും മുഹമ്മദ് സ്വാലിഹ് പറഞ്ഞു.
വിദേശികളുടെ കേന്ദ്രമായി മാറിയ പാര്‍ക്കിലേക്ക് കുട്ടികള്‍ കളിക്കാന്‍ പോകുന്നത് പ്രദേശവാസികള്‍ ഇപ്പോള്‍ ഭയക്കുന്നതായി ഫാത്തിമ യാസിര്‍ പറയുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ പാര്‍ക്ക് ശക്തമായി നിരീക്ഷിക്കണമെന്നും ക്രമരഹിത വില്‍പന അടക്കമുള്ള നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫാത്തിമ യാസിര്‍ ആവശ്യപ്പെട്ടു.
ഏഷ്യന്‍ വംശജരായ തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള ലെഗോണ്‍ കോഴികളെയാണ് താന്‍ വില്‍ക്കുന്നതെന്ന് ഖലീല്‍ അബ്ദുല്‍ഗഫൂര്‍ പറയുന്നു. എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന പക്ഷി മാര്‍ക്കറ്റില്‍ നിന്നാണ് താന്‍ ലഗോണ്‍ കോഴികളെ വാങ്ങുന്നത്.
വലിപ്പത്തിനനുസരിച്ച് 20 റിയാല്‍ 30 റിയാല്‍ വരെ വിലയിലാണ് കോഴികളെ വില്‍ക്കുന്നതെന്നും ഖലീല്‍ അബ്ദുല്‍ഗഫൂര്‍ പറഞ്ഞു. കുറഞ്ഞ വിലക്ക് പഴയ വസ്ത്രങ്ങള്‍ വാങ്ങാനാണ് താന്‍ പാര്‍ക്കിലെത്തുന്നതെന്ന് സന്ദര്‍ശകനായ ഫഹദ് അഹ്മദ് പറഞ്ഞു. ലേഡീസ്, കിഡ്‌സ്, ജെന്റ്‌സ് വസ്ത്രങ്ങളെല്ലാം പാര്‍ക്കില്‍ വില്‍പനക്കുണ്ട്. 10 റിയാല്‍ മുതല്‍ 15 റിയാല്‍ വരെ വിലയുള്ള പാദരക്ഷകളും വാനിറ്റി ബാഗുകളും ഇവിടെ വില്‍പനക്കുണ്ടെന്ന് ഫഹദ് അഹ്മദ് പറഞ്ഞു.