ജിദ്ദ – റിയൽ എസ്റ്റേറ്റ് മേഖലയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. സൗദികളല്ലാത്തവരെ രാജ്യത്തിനുള്ളിൽ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ സ്വന്തമാക്കാനും റിയൽ എസ്റ്റേറ്റ് അവകാശങ്ങൾ നേടാനും അനുവദിക്കുന്ന പരിഷ്‌കരിച്ച നിയമം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽവരും.
മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ നാല് നഗരങ്ങൾ ഒഴികെ രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളിലെയും റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ വിദേശികൾക്ക് സ്വത്ത് ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം ജനുവരിയിൽ നടപ്പാക്കുമെന്ന് നഗരസഭ, ഭവനകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു. ഈ നാലു നഗരങ്ങളിലും രാജ്യത്തിന് പുറത്തുള്ള വിദേശികൾക്ക് സ്വത്ത് സ്വന്തമാക്കാൻ അനുവാദമുള്ള പ്രത്യേകം നിർണയിച്ച പ്രദേശങ്ങൾ ഉണ്ടാകുമെന്നും രാജ്യത്ത് കഴിയുന്ന വിദേശികൾക്ക് ഇവിടങ്ങളിൽ ഒരു റെസിഡൻഷ്യൽ യൂണിറ്റ് സ്വന്തമാക്കാനുള്ള അവകാശം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വാണിജ്യ, വ്യാവസായിക, കാർഷിക മേഖലകളിൽ സൗദിയിലെ എല്ലാ നഗരങ്ങളിലും വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുമെന്ന് മാജിദ് അൽഹുഖൈൽ വ്യക്തമാക്കി.
സൗദികളല്ലാത്തവർക്കുള്ള സ്വത്തുടമസ്ഥവകാശ നിയമം, പ്രത്യേക ഭൂമിശാസ്ത്ര പ്രദേശത്തിനുള്ളിൽ വ്യക്തമായ നിയമ ചട്ടങ്ങൾക്ക് കീഴിൽ സൗദികളല്ലാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം വ്യവസ്ഥാപിതമാക്കാൻ ലക്ഷ്യമിടുന്നു. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡിന്റെ നിർദേശത്തിന്റെയും സാമ്പത്തിക, വികസന കാര്യ കൗൺസിലിന്റെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിൽ മന്ത്രിസഭ നിശ്ചയിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രദേശത്ത്, സൗദികളല്ലാത്തവർക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാനോ റിയൽ എസ്റ്റേറ്റ് അവകാശങ്ങൾ നേടാനോ അനുവാദമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
മക്ക, മദീന എന്നീ നഗരങ്ങൾ ഒഴികെ, സൗദികളല്ലാത്ത സൗദിയിലെ താമസക്കാരായ വിദേശികളെ പ്രത്യേകം നിർണയിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രദേശത്തിന് പുറത്ത് ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കാനും നിയമം അനുവദിക്കുന്നു. മക്ക, മദീന നഗരങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി സ്വന്തമാക്കുന്നവർ മുസ്ലിമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത, വിദേശികൾക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികൾക്ക്, അവ സൗദി കമ്പനി നിയമപ്രകാരം സ്ഥാപിതമായ കമ്പനികളാണെങ്കിൽ, മക്ക, മദീന ഉൾപ്പെടെ മുകളിൽ പറഞ്ഞ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് സ്വത്ത് സ്വന്തമാക്കാനുള്ള അവകാശം നിയമം അനുവദിക്കുന്നു. ബിസിനസ് ആവശ്യങ്ങൾക്കോ ജീവനക്കാരുടെ താമസത്തിനോ വേണ്ടി ഈ കമ്പനികൾക്ക് ഈ പ്രദേശത്തിന് പുറത്തും സ്വത്ത് സ്വന്തമാക്കാവുന്നതാണ്.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളെയും നിക്ഷേപ ഫണ്ടുകളെയും പ്രത്യേക ഉദ്ദേശ്യത്തോടെ സ്ഥാപിതമായ സ്ഥാപനങ്ങളെയും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപിപ്പിച്ച് കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി മക്ക, മദീന എന്നിവയുൾപ്പെടെ രാജ്യത്തുടനീളം സ്വത്ത് സ്വന്തമാക്കാൻ നിയമം അനുവദിക്കുന്നു. പ്രീമിയം ഇഖാമ നിയമം, ജി.സി.സി കരാറുകൾ പോലുള്ള മറ്റ് നിയമങ്ങൾക്ക് കീഴിൽ നൽകുന്ന അവകാശങ്ങളെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം നടപ്പാക്കുന്നത് ബാധിക്കില്ല. സൗദി ഇതര ഉടമസ്ഥത നിയമപരമായ അവകാശങ്ങൾക്കപ്പുറം അധിക ആനുകൂല്യങ്ങളൊന്നും നൽകില്ല.
വിദേശ മന്ത്രാലയത്തിൽ നിന്ന് അനുമതി നേടി, പരസ്പര ബന്ധത്തിന്റെ തത്വത്തെ അടിസ്ഥാനമാക്കി, നയതന്ത്ര മിഷനുകൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും തങ്ങളുടെ ആസ്ഥാനങ്ങളും മേധാവികളുടെ ഔദ്യോഗിക വസതികളും സ്വന്തമാക്കാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കമ്പനികളും നോൺ-പ്രോഫിറ്റ് സംഘടനകളും ഉൾപ്പെടെയുള്ള സൗദി ഇതര സ്ഥാപനങ്ങൾ സ്വത്ത് സ്വന്തമാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് നിയമം ആവശ്യപ്പെടുന്നു. റിയൽ എസ്റ്റേറ്റ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യുന്നതുവരെ ഉടമസ്ഥാവകാശത്തിന് നിയമപരമായി സാധുതയുണ്ടാകില്ല.
സൗദികളല്ലാത്തവർ നടത്തുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യത്തിന്റെ അഞ്ചു ശതമാനത്തിൽ കവിയാത്ത ഫീസ് നിയമം ചുമത്തുന്നു. ഇതിന്റെ വിശദാംശങ്ങൾ നടപ്പിലാക്കൽ ചട്ടങ്ങളിൽ വ്യക്തമാക്കും. നിയമലംഘകർക്ക് പിഴയോ മുന്നറിയിപ്പോ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരും. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഒരു കോടി റിയാൽ വരെ പിഴ ചുമത്തും. കൂടാതെ നിയമ വിരുദ്ധമായ സ്വത്ത് ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് പ്രകാരം വിൽക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞ ജൂലൈയിൽ സൗദി മന്ത്രിസഭ അംഗീകരിച്ച ഈ നിയമം, സൗദികളല്ലാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം വ്യവസ്ഥാപിതമാക്കാനുള്ള തന്ത്രപരമായ ചുവടുവെപ്പാണ്. വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുമായി പൂർണമായും യോജിച്ച്, മൊത്തം ആഭ്യന്തരോൽപാദനത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവന വർധിപ്പിക്കുകയും എണ്ണയിൽ നിന്ന് അകന്ന് ദേശീയ വരുമാന സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
പുതിയ നിയമം സൗദിയിൽ ഫ്ളാറ്റുകളും അപാർട്ട്മെന്റുകളും വില്ലകളും അടക്കമുള്ള റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾക്ക് അധിക ഡിമാൻഡ് സൃഷ്ടിക്കുകയും റിയൽ എസ്റ്റേറ്റ് വിപണിയിൽ പണലഭ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വിദേശ കമ്പനികളെ സൗദിയിൽ തങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കാനും പദ്ധതികൾ നടപ്പാക്കാനും ഇത് പ്രോത്സാഹിപ്പിക്കും. ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ പോസിറ്റീവായി സ്വാധീനിക്കുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ സ്ഥിരതയുള്ളതും വളരുന്നതുമായ ഘട്ടത്തിന് വഴിയൊരുക്കുകയും ചെയ്യും.
റിയാദ്, ജിദ്ദ, മക്ക, തായിഫ്, മദീന എന്നിവിടങ്ങളിലും വിനോദസഞ്ചാര മേഖലകൾക്ക് സമീപമുള്ള നഗരങ്ങളിലും റിയൽ എസ്റ്റേറ്റ് വിപണിയിൽ ഈ നിയമത്തിന്റെ പോസിറ്റീവ് സ്വാധീനം അനുഭവപ്പെടും. 2026 ലെ മൂന്ന്, നാല് പാദങ്ങളിൽ ഇതിന്റെ ഫലങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും 2027 ൽ ഉടനീളം തുടരുകയും ചെയ്യും.
ഈ നിയമം നടപ്പാക്കുന്നത് സൗദി റിയൽ എസ്റ്റേറ്റ് വിപണിയിൽ നിർണായക ഘട്ടമാകുമെന്നും ഇത് ഉപഭോക്തൃ അടിത്തറയുടെ വികാസത്തിനും വിദേശികളിലെ വലിയൊരു വിഭാഗം വാടകയിൽ നിന്ന് സ്വത്ത് സ്വന്തമാക്കുന്നതിലേക്ക് മാറാനും കാരണമാകുമെന്നും റിയൽ എസ്റ്റേറ്റ് വിദഗ്ധനും വിപണനക്കാരനുമായ സഖർ അൽസഹ്‌റാനി പറഞ്ഞു. ഈ മാറ്റം റെഡി-ബിൽഡ് പ്രോപ്പർട്ടികൾക്കും റെസിഡൻഷ്യൽ കോംപൗണ്ടുകൾക്കും അധിക ഡിമാൻഡ് സൃഷ്ടിക്കുമെന്നും ഇത് വിപണിയിൽ വാങ്ങൽ, വിൽപ്പന പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഉയർന്ന പണലഭ്യതക്കും കാരണമാകുമെന്നും സഖർ അൽസഹ്‌റാനി ചൂണ്ടിക്കാട്ടി.
എല്ലാ നഗരങ്ങളിലും വാണിജ്യ, വ്യാവസായിക, കാർഷിക മേഖലകളിലെ ഉടമസ്ഥാവകാശം വിദേശികൾക്ക് തുറന്നുകൊടുക്കുന്നത് അന്താരാഷ്ട്ര കമ്പനികൾക്ക് രാജ്യത്തിനുള്ളിൽ അവരുടെ ആസ്ഥാനങ്ങളും പദ്ധതികളും സ്ഥാപിക്കുന്നതിന് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും ഇത് രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ സ്ഥിരതയുള്ളതും വളരുന്നതുമായ ഒരു ഘട്ടത്തിന് അടിത്തറയിടുകയും ചെയ്യുമെന്ന് സഖർ അൽസഹ്റാനി പ്രവചിച്ചു.
സൗദി റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും ജി.ഡി.പിയിലേക്ക് റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവന വർധിപ്പിക്കാനും പുതിയ നിയമം സഹായിക്കും. ആഗോള പ്രതിഭകളെ രാജ്യത്ത് സ്ഥിരതാമസമാക്കാൻ പ്രാപ്തരാക്കുന്നതിലൂടെ അവരെ രാജ്യത്ത് നിലനിർത്തുക, എണ്ണ ഇതര മേഖലകളുടെ ദേശീയ സമ്പദ്വ്യവസ്ഥയിലേക്കുള്ള സംഭാവന വർധിപ്പിക്കുക, സുസ്ഥിര സാമ്പത്തിക വികസനവും വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണവും വളർത്തുക, നഗര ജീവിതത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയും നിയമത്തിലൂടെ ലക്ഷ്യമിടുന്നു.



