ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ വിദേശ ടൂറിസ്റ്റുകള്‍ നടത്തിയ ധനവിനിയോഗത്തില്‍ 9.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ 4,940 കോടി റിയാലാണ് രാജ്യത്ത് ചെലവഴിച്ചത്. സ്വദേശി വിനോദ സഞ്ചാരികള്‍ വിദേശങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ സൗദിയിലും നടത്തിയ ധനവിനിയോഗത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പാദത്തില്‍ ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ 2,680 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ ടൂറിസം മേഖലാ ധനവിനിയോഗ മിച്ചത്തില്‍ 11.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ടൂറിസം മേഖല ശക്തിപ്പെടുത്താനും ദേശീയ സാമ്പത്തിക വളര്‍ച്ചയില്‍ ടൂറിസം മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനും ടൂറിസം മന്ത്രാലയവും അനുബന്ധ വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് ടൂറിസം മേഖലാ ധനവിനിയോഗ മിച്ചത്തില്‍ വലിയ വളര്‍ച്ച കൈവരിച്ചതെന്ന് ടൂറിസം മന്ത്രാലയം പറഞ്ഞു. സൗദിയിലെ വിനോദസഞ്ചാര വ്യവസായ മേഖല സാക്ഷ്യം വഹിക്കുന്ന പുരോഗതി ഇത് വ്യക്തമാക്കുന്നതായും മന്ത്രാലയം പറഞ്ഞു.