റിയാദ്- ഭക്ഷണ മാലിന്യ സംസ്കരണ സംരംഭം ആരംഭിക്കുന്നതിനായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റും ജൈവ വള നിർമ്മാണ കമ്പനിയായ തദ്വീറും തമ്മിൽ കരാർ ഒപ്പിട്ടു. ഇരു സംഘടനകളിലെയും മുതിർന്ന പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കരാർ ഔദ്യോഗികമായി ഒപ്പുവച്ചത്.പ്രദേശത്തുടനീളമുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ എന്നിവയിൽ നിന്ന് ഭക്ഷ്യ മാലിന്യങ്ങൾ ശേഖരിച്ച് തദ്വീറിൻെറ പ്രത്യേക റീസൈക്ലിംഗ് സൗകര്യങ്ങളുടെ പിന്തുണയോടെ അതിനെ ജൈവ കമ്പോസ്റ്റ് ആക്കി മാറ്റുക എന്നതാണ് ഈ സംരംഭത്തിൻെറ ലക്ഷ്യം. മാലിന്യ ശേഖരണം, അവയെ തരംതിരിക്കൽ, മുറിക്കൽ, ഫെർമൻേറഷൻ, അന്തിമ കമ്പോസ്റ്റ് ഉൽപ്പാദനം എന്നിവയുൾപ്പെടെ ഒന്നിലധികം ഘട്ടങ്ങൾ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.
മാലിന്യകൂമ്പാരങ്ങളിൽ നിന്നും ഭക്ഷ്യ മാലിന്യങ്ങൾ വഴിതിരിച്ചെടുക്കുകയും അതിനെ വിലപ്പെട്ട ജൈവ കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ സുസ്ഥിരമായ വികസനം ഈ പദ്ധതി ലക്ഷ്യമിടുന്നു. ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള മുഹമ്മദ് അഹമ്മദ് അബ്ദുൽ ജലീൽ ബുബുഷൈത്ത് (എക്സിക്യൂട്ടീവ് മാനേജർ), മോയിസ് നൂറുദ്ദീൻ (റീജിയണൽ ഡയറക്ടർ, കിഴക്കൻ പ്രവിശ്യ), സയീദ്-സെയ്ദ് അൽ സുബൈ (അഡ്മിനിസ്ട്രേഷൻ മാനേജർ), സലാം സുലൈമാൻ (റീജിയണൽ മാനേജർ) അമർ മുഹമ്മദ് (റീജിയണൽ കൊമേഴ്ഷ്യൽ മാനേജർ), തദ്വീറിൽ നിനന്നും ഹിഷാം അൽജബർ എന്നിവർ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു. ഹരിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക നന്മയ്ക്കായി പ്രവർത്തിക്കുന്ന ഇത്തരം നൂതന പരിഹാരങ്ങളെ പിന്തുണയ്ക്കുന്നതിലും ലുലു എന്നും മുന്നിലാണ്.