ജിദ്ദ – ഇത്തവണത്തെ വേനല്‍ക്കാല സീസണില്‍ 17 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുമെന്ന് മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് അറിയിച്ചു. യാത്രക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ നല്‍കാന്‍ ലക്ഷ്യമിട്ട് റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളില്‍ നിന്നാണ് വേനല്‍ക്കാലത്ത് ഫ്‌ളൈ നാസ് 17 വിദേശ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുക. തുര്‍ക്കിയിലെ അന്റാലിയ, ബോഡ്രം, ഇസ്താംബൂള്‍, ട്രാബ്‌സോണ്‍, ജോര്‍ജിയയിലെ തിബ്‌ലിസി, ബാറ്റുമി, അസര്‍ബൈജാനിലെ ബാകു, ഒമാനിലെ സലാല, ഈജിപ്തിലെ ഹുര്‍ഗദ, ശറമുശ്ശൈഖ്, അല്‍അലമൈന്‍, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, ബോസ്‌നിയയുടെ തലസ്ഥാനമായ സെരയീവൊ, അല്‍ബേനിയയുടെ തലസ്ഥാനമായ തിരാന, മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പൊഡ്‌ഗോറിച്ച, ഓസ്ട്രിയയിലെ വിയന്ന, സാല്‍സ്ബര്‍ഗ് എന്നീ നഗരങ്ങളിലേക്കാണ് ഈ മാസം മുതല്‍ ഫ്‌ളൈ നാസ് സര്‍വീസുകള്‍ നടത്തുക.
നിലവില്‍ 70 ലേറെ ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിലേക്ക് പ്രതിവാരം 1,500 ലേറെ സര്‍വീസുകള്‍ ഫ്‌ളൈ നാസ് നടത്തുന്നുണ്ട്. 2007 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇതുവരെ 7.8 കോടിയിലേറെ പേര്‍ ഫ്‌ളൈ നാസ് സര്‍വീസുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് വളര്‍ച്ചാ, വിപുലീകരണ പദ്ധതിയുടെ ഭാഗമായി 165 ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഫ്‌ളൈ നാസ് ലക്ഷ്യമിടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group