ജിദ്ദ – ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പാക്കിസ്ഥാനിലേക്കും ഉത്തരേന്ത്യയിലേക്കുമുള്ള നിരവധി വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. സംഘര്‍ഷം മൂലം വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളായ എമിറേറ്റ്സും ഫ്‌ളൈ ദുബായും സര്‍വീസുകള്‍ റദ്ദാക്കുകയും നീട്ടിവെക്കുകയും ചെയ്തതായി ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റ് പറയുന്നു.
മേഖലയിലെ വിമാന സര്‍വീസുകളെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ തടസ്സപ്പെടുത്തുന്നത് തുടരുന്നതിനാല്‍ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും ആവശ്യമെങ്കില്‍ യാത്ര പുനഃക്രമീകരിക്കണമെന്നും സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍ദേശിച്ചു.
ഖത്തര്‍ എയര്‍വെയ്സ് പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സ് പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഖത്തര്‍ എയര്‍വെയ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും ബുധനാഴ്ച ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങള്‍ക്ക് ഫ്‌ളൈറ്റ് അഡൈ്വസറികള്‍ നല്‍കി. വിമാന സര്‍വീസ് നില പരിശോധിച്ച് അതനുസരിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ വിമാന കമ്പനികള്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. പല പ്രധാന വിമാനക്കമ്പനികളും പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കുന്നുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം പാക്കിസ്ഥാനു മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി എയര്‍ ഫ്രാന്‍സ് അറിയിച്ചു.
ചില റൂട്ടുകള്‍ക്ക് കൂടുതല്‍ പറക്കല്‍ സമയം ആവശ്യമുള്ളതിനാല്‍ വിമാന ഷെഡ്യൂള്‍ ക്രമീകരിക്കുകയാണെന്ന് എയര്‍ലൈന്‍ പറഞ്ഞു. ജര്‍മനിയുടെ ലുഫ്താന്‍സയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കുന്നതായി അറിയിച്ചു. ബ്രിട്ടീഷ് എയര്‍വെയ്സ്, സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ് എന്നിവ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാനായി അറേബ്യന്‍ കടലിനു മുകളിലൂടെ വടക്കോട്ട് ഡെല്‍ഹിയിലേക്ക് പോകുന്ന വഴിയിലൂടെ വിമാന പാതകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നു.