ജിദ്ദ – സൗദിയിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ റൈദാന്‍ കമ്പനിയുടെ ഒമ്പതു ഡയറക്ടര്‍മാര്‍ക്ക് 3.6 കോടി റിയാല്‍ പിഴ ചുമത്തിയതായി സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. കമ്പനി നിയമത്തിലെ 211-ാം വകുപ്പിലെ ബി ഖണ്ഡിക ലംഘിച്ചതിനാണ് ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 40 ലക്ഷം റിയാല്‍ തോതില്‍ പിഴ ചുമത്താന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിക്കു കീഴിലെ പ്രത്യേക സമിതി തീരുമാനിച്ചത്.
സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റൈദാന്‍ കമ്പനി പണം അല്‍ജോന കമ്പനിയുടെ രണ്ടു ഉടമകള്‍ക്ക് അനുകൂലമായി ഉപയോഗിച്ചതിനാണ് ഹസന്‍ ബിന്‍ ശാകിര്‍ ബിന്‍ സ്വാലിഹ് അല്‍സുഹ്ഫി, അബ്ദുറഊഫ് ബിന്‍ അല്‍സാദിഖ് ബിന്‍ അല്‍ബകര്‍ അല്‍ഖായിദി, സൗദ് ബിന്‍ സഈദ് ബിന്‍ അഖല്‍ അല്‍സലമി, മുഹമ്മദ് ബിന്‍ അവദുല്ല ബിന്‍ അഹ്മദ് അല്‍സലമി, ഖാലിദ് ബിന്‍ അവദുല്ല ബിന്‍ അഹ്മദ് അല്‍സലമി, മിശ്അല്‍ ബിന്‍ അവദുല്ല ബിന്‍ അഹ്മദ് അല്‍സലമി, നാസിര്‍ ബിന്‍ അവദുല്ല ബിന്‍ അഹ്മദ് അല്‍സലമി, മന്‍സൂര്‍ ബിന്‍ അവദുല്ല ബിന്‍ അഹ്മദ് അല്‍സലമി, അവദുല്ല ബിന്‍ അഹ്മദ് ബിന്‍ ആയിദ് അല്‍സലമി എന്നിവര്‍ക്ക് പിഴ ചുമത്തിയത്.
അല്‍ജോന കമ്പനി ഉടമകളില്‍ ഒരാള്‍ റൈദാന്‍ കമ്പനി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ശിക്ഷിക്കപ്പെട്ട ഏതാനും റൈദാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് അല്‍ജോന കമ്പനി ഉടമകളുമായി കുടുംബബന്ധവുമുണ്ട്. അല്‍ജോന കമ്പനിയുടെ 30 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കാനും അല്‍ഹനാ സ്വീറ്റ്‌സ് ഫാക്ടറിയില്‍ അല്‍ജോന കമ്പനിക്കുള്ള 90 ശതമാനം ഉടമസ്ഥാവകാശത്തില്‍ 30 ശതമാനം സ്വന്തമാക്കാനും റൈദാന്‍, അല്‍ജോന കമ്പനികള്‍ കരാറുണ്ടാക്കുകയായിരുന്നു.
അല്‍ജോന കമ്പനിയുടെ വാര്‍ഷിക സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളില്‍ ഈ ധനസഹായം രേഖപ്പെടുത്തണമെന്ന് റൈദാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടില്ല. റൈദാന്‍ കമ്പനി ധനസഹായം അല്‍ജോന കമ്പനിയുടെ ലാഭത്തില്‍ കണക്കുവെച്ച് പാര്‍ട്ണര്‍മാര്‍ക്കിടയില്‍ ലാഭവിഹിതമെന്നോണം വിതരണം ചെയ്തു. റൈദാന്‍ കമ്പനി നിക്ഷേപം അല്‍ജോന കമ്പനിയിലെ മൂലധന വര്‍ധന എന്നോണം രജിസ്റ്റര്‍ ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടില്ല. പകരം അല്‍ജോന കമ്പനി ഉടമകളുടെ കറന്റ് അക്കൗണ്ടുകളിലേക്കാണ് റൈദാന്‍ കമ്പനി ധനസഹായം ട്രാന്‍സ്ഫര്‍ ചെയ്തത്. ഇത് യാഥാര്‍ഥ്യത്തിന് വിരുദ്ധമായി റൈദാന്‍ കമ്പനി സാമ്പത്തിക സ്ഥിതിയില്‍ പ്രതിഫലിക്കുകയും അല്‍ജോന കമ്പനി മൂല്യം വര്‍ധിപ്പിക്കുകയുമായിരുന്നെന്ന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പറഞ്ഞു.