റിയാദ് – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, ഉടല്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ ഒലിവിയയെയും ഗിയാനയെയും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദില്‍ എത്തിച്ചു. മാതാപിതാക്കള്‍ക്കൊപ്പമാണ് മനില ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സയാമിസ് ഇരട്ടകള്‍ എത്തിയത്. എത്തിയയുടനെ, ഇരട്ടകളെ പരിശോധനകള്‍ക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയുടെ സാധ്യത വിലയിരുത്താനുമായി നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി.


ഈ സംരംഭങ്ങള്‍ സൗദി അറേബ്യയുടെ ആഴത്തില്‍ വേരൂന്നിയ മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായും ഇതിന്റെ സ്വാധീനം ലോകമെമ്പാടും വ്യാപിച്ചതായും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ നടത്തുന്ന സൗദി പ്രോഗ്രാം മെഡിക്കല്‍, സര്‍ജിക്കല്‍ ടീം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള സൗദി പദ്ധതി കഴിഞ്ഞ 35 വര്‍ഷത്തിനിടെ 28 രാജ്യങ്ങളില്‍ നിന്നുള്ള സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താന്‍ 67 ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്.



