മാഡ്രിഡ് – ഈ മാസം പുതുക്കിയ ഫിഫ റാങ്കിങിൽ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അർജന്റീന, സൗദി, ഖത്തർ ടീമുകൾക്ക് മുന്നേറ്റം. അതേസമയം ബ്രസീലും ഇന്ത്യയും റാങ്കിങ് താഴോട്ട്.
ലോകകപ്പ് യോഗ്യത മത്സരത്തിലെ രണ്ടു മത്സരവും ജയിച്ചാണ് യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയത്. അർജന്റീന രണ്ടു സൗഹൃദ മത്സരങ്ങൾ ജയിച്ചതും ഫ്രാൻസ് ഒരു കളി സമനിലയായതും ഒരു സ്ഥാനം മെച്ചപ്പെടുത്തി മെസ്സിയും സംഘവും രണ്ടാമതെത്തി. രണ്ടര വർഷത്തോളം ഒന്നാമത് നിലനിന്നിരുന്ന അർജന്റീനക്ക് കയിഞ്ഞ മാസമാണ് മൂന്നിലേക്ക് വീണത്.
രണ്ടാമതുള്ള ഫ്രാൻസ് മൂന്നാം സ്ഥാനത്തുമായി. അതേസമയം തന്നെ ജപ്പാനോട് പരാജയപ്പെട്ട ബ്രസീൽ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാമതായി. ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ സിംഗപ്പൂരിനോട് തോൽവിയറിഞ്ഞ ഇന്ത്യ 134-ാം സ്ഥാനത്ത് നിന്നും 136-ാം സ്ഥാനത്തേക്ക് ഇറങ്ങി.
മുൻ ചാമ്പ്യന്മാരായ ജർമനി രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആദ്യപത്തിൽ തിരിച്ചെത്തിയപ്പോൾ ഇറ്റലി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതായി.
ലോകകപ്പ് യോഗ്യത ഉറപ്പിച്ച സൗദി, ഖത്തർ ടീമുകൾക്കും മുന്നേറ്റമുണ്ടായി. സൗദി ഒരു സ്ഥാനം മെച്ചപ്പെടുത്തി 58-ാം സ്ഥാനത്തും, ഖത്തർ ഒരു സ്ഥാനം മെച്ചപ്പെടുത്തി 52-ാം സ്ഥാനത്തുമാണ്. യുഎഇ സ്ഥാനങ്ങളൊന്നും മാറ്റമില്ലാതെ 67-ാം സ്ഥാനത്ത് തുടരുന്നു. ഒമാൻ ഒരു സ്ഥാനം നഷ്ടപ്പെടുത്തി 79ലും ബഹ്‌റൈൻ രണ്ടു സ്ഥാനം നഷ്ടപ്പെടുത്തി 90-ാം സ്ഥാനത്തുമാണ്. കുവൈത്ത് 135-ാം സ്ഥാനത്ത് തുടരുന്നു