ജിദ്ദ: തിന്മകളുടെ സാഹചര്യങ്ങളിൽനിന്നും അകന്നു നിൽക്കുകയും അതിരുകൾ ലംഘിക്കാത്ത, വിശ്വാസ്യതയുള്ള സൂക്ഷ്മ ജീവിതം നയിക്കുകയും ചെയ്താൽ ഏതൊരാൾക്കും സംതൃപ്ത കുടുംബ ജീവിതം സാധ്യമാകുമെന്ന് വിസ്ഡം ജിദ്ദ ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. പ്രശ്നങ്ങൾ ഉണ്ടായതിനുശേഷം പരിഹാരം തേടുന്നതിനു പകരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും യഥാർത്ഥ മതമാണ് എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമാർഗമെന്നും സമ്മേളനം വ്യക്തമാക്കി.
ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി ജിദ്ദയിലെ കിലോ പത്തിലുള്ള അൽ നുഖ്ബ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ്ശൈഖ് അബ്ദുറഹ്മാൻ അൽ ഈദാൻ (റിയാദ്) ഉദ്ഘാടനം ചെയ്തു. ക്രിയ സിവിൽ സർവീസ് അക്കാദമി സ്ഥാപകൻ നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജംഇയ്യതുത്തർതീൽ മേധാവി ശൈഖ് ഫായിസ് അസ്സഹലി ‘തിജാറതുൻ ലൻ തബൂർ’ ഖുർആൻ പാരായണ മത്സരത്തിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു. വിശുദ്ധ ഖുർആനിന്റെ അധ്യാപനങ്ങൾ ശിരസാ വഹിക്കുന്ന ഒരു സമൂഹത്തിന് സമാധാനവും കെട്ടുറപ്പുമുള്ള കുടുംബങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈജ്ഞാനിക സെഷനിൽ സൗദി അറേബ്യയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ദമാം ഇസ്ലാമിക് സെന്റർ പ്രബോധകനുമായ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. അബ്ദുല്ല ബാസിൽ ‘(കുടുംബം നേരിടുന്ന വെല്ലുവിളികൾ’) എന്നിവർ പ്രസംഗിച്ചു.
‘കുടുംബം കാഴ്ചയും കാഴ്ചപ്പാടും’ എന്ന വിഷയത്തിൽ പ്രമുഖ ചൈൽഡ് സൈക്കോളജിസ്റ്റും ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വർ ക്ലാസെടുത്തു. നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള ഒരു സമൂഹത്തിനാണ് സുഭദ്രമായ ഒരു കുടുംബ സംവിധാനം കെട്ടിപ്പടുക്കാൻ സാധിക്കുകയെന്നും, ചേർത്തുപിടിക്കാനും ചേർന്നുനിൽക്കാനും സാധിക്കുന്ന, പരസ്പരം കേൾക്കാനും സംസാരിക്കാനും ആളുണ്ടാകുന്ന, പങ്കുവെച്ചും പകർന്നു നൽകിയും സ്നേഹം കൈമാറുന്ന സുന്ദരമായ ഇടമായി വീടികങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്നവരെ ബഹുമാനിക്കുകയും, മാതാപിതാക്കളെ അനുസരിക്കുകയും, ഇണകൾ തമ്മിലുള്ള വിശ്വാസ്യതയും, അനുവദനീയമായ ആസ്വാദനങ്ങളും കൊണ്ട് മാത്രമെ ഒരു സംതൃപ്ത കുടുംബ ജീവിതം സാധ്യമാവുകയുള്ളൂ എന്ന് പീസ് റേഡിയോ സി.ഇ.ഒ. യും പ്രമുഖ ഫാമിലി കൗൺസിലറുമായ പ്രൊഫസർ ഹാരിസ് ബിൻ സലീം പറഞ്ഞു. ഖുർആനും പ്രവാചക മാതൃകയും ജീവിതവഴിയായി സ്വീകരിച്ച് ഏത് പ്രതിസന്ധികളെയും മറികടക്കാൻ എല്ലാത്തിനും കഴിവുള്ള പടച്ചതമ്പുരാൻ കൂടെയുണ്ടെന്നുള്ള ഉറച്ച നിലപാടുമുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്നും കോൺഫറൻസിന്റെ സമാപന സെഷനിൽ പ്രമേയ പ്രഭാഷണം നിർവഹിച്ച പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഹുസൈൻ സലഫി (ഷാർജ) ഉത്ബോധിപ്പിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് ഭാരവാഹി ഡോ. ഷഹബാസ് കെ. അബ്ബാസ് കോൺഫറൻസിന് ആശംസ നേർന്നു. വിസ്ഡം സ്റ്റുഡന്റ്സ് 2025 മെയ് മാസത്തിൽ കേരളത്തിൽ നടത്താനിരിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഗൾഫ് രാജ്യങ്ങളിലെ പ്രചാരണോദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ക്വിസ് മൽസര വിജയികൾക്കുള്ള സമ്മാനദാനം ശരീഫ് ഏലാംകോട് നിർവ്വഹിച്ചു.
സ്വാഗതസംഘം ചെയർമാനും ജെ.ഡി.സി.സി. പ്രസിഡണ്ടുമായ സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഉപാധ്യക്ഷൻ ശരീഫ് ഏലംകോട്, മക്ക ഇസ്‌ലാഹി സെന്റർ പ്രതിനിധി ആബിദ്, ജിസാൻ ഇസ്‌ലാഹീ സെന്റർ പ്രതിനിധി നൗഷാദ്, മദീനാ ഇസ്‌ലാഹി സെന്റർ പ്രതിനിധി അബ്ദുൽ റഷീദ് തുടങ്ങിയവർ പ്രസീഡിയം അലങ്കരിച്ചു. ജിദ്ദയിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ സൗഹാർദ്ദ പ്രതിനിധികളായി കോൺഫറൻസിൽ സംബന്ധിച്ചു. അബ്ദു റശീദ് കോടൂർ, അബ്ദുൽ ജലീൽ വളവന്നൂർ, മുഹമ്മദ് റിയാസ്, അബ്ദുൽ ജബ്ബാർ വണ്ടൂർ, മുഹമ്മദ് റഫീഖ് സുല്ലമി, റൗനഖ് ഓടക്കൽ, ഇബ്റാഹിം അൽ ഹികമി തുടങ്ങിയവർ നേതൃത്വം നൽകി. കോൺഫറൻസിൽ ജിദ്ദയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുക്കണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. ജെ.ഡി.സി.സി. ജനറൽ സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ ഫൈസൽ വാഴക്കാട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നബീൽ പാലപ്പറ്റ നന്ദിയും പറഞ്ഞു.