ജിദ്ദ- പ്രവാസികൾ അഭിമുഖീകരിക്കുന്ന കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങൾക്ക് പ്രാമാണികമായ പരിഹാരം നിർദ്ദേശിക്കുന്നതിനും, വിശ്വാസരംഗത്തെ ചൂഷണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുമായി ജെ.ഡി.സി.സി. നവംബർ മൂന്നാം വാരത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് 2.0 യുടെ ബവാദി ഏരിയാതല പ്രചാരണോൽഘാടനം ജംഇയ്യതുൽ ഫർഹ ഡയറക്ടർ ശൈഖ് സഈദ് അലി മുഹ്സിൻ നിർവ്വഹിച്ചു.
ലോകത്താകമാനം വിശ്വാസരംഗം ചൂഷണങ്ങൾക്ക് വിധേയമാണെന്നും യഥാർത്ഥ അഹ്ലുസ്സുന്നയുടെ വിശ്വാസധാര പിന്തുടരുന്നതിലൂടെ മാത്രമെ വിശ്വാസികൾക്ക് ശാശ്വത വിജയം കരസ്ഥമാക്കുവാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.
ഇസ്ലാം പൂർത്തീകരിച്ചു കൊണ്ടാണ് അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ്വ) ഈ ലോകത്തോട് വിടപറഞ്ഞത്, അതിൽ എന്തെങ്കിലും കുറവു വരുത്താനോ കൂട്ടിച്ചേർക്കാനോ നമുക്ക് അവകാശമില്ല. തൻറെ അന്ത്യ നിമിഷങ്ങളിൽ അവിടുന്ന് രണ്ട് കാര്യങ്ങൾ നമുക്കായി വിട്ടേച്ചു പോകുന്നു എന്ന് പറഞ്ഞു, വിശുദ്ധ ഖുർആനും പ്രവാചകചര്യയുമാണത് അത് രണ്ടും മുറുകെപ്പിടിച്ച് ജീവിക്കുന്ന കാലത്തോളം നാം പിഴച്ചു പോകുകയില്ല അദ്ദേഹം തുടർന്നു.
ജെ ഡി.സി.സി. ബവാദി ഏരിയാ പ്രസിഡണ്ട് ഡോ. റിയാസ് മാഹിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പീസ് റേഡിയോ പ്രതിനിധി ഹനീഫ് വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദാ ദഅവാ കോഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈനൽ വാഴക്കാട്, ഒ.ഐ.സി.സി. ജിദ്ദാ കാസർഗോഡ് ജില്ലാ സെക്രട്ടറി നിധേഷ് ബാലൻ, വിസ്ഡം വെസ്റ്റേൺ റീജണൽ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ പൂങ്ങാടൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുജീബ് തച്ചമ്പാറ സ്വാഗതവും റമീസ് കണ്ണൂർ നന്ദിയും പറഞ്ഞു.









