ജിദ്ദ – അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്ന ഇസ്രായിലിനോട് കണക്കു ചോദിക്കാനും ഉപരോധമേര്‍പ്പെടുത്താനും ഫലപ്രദമായ സംവിധാനമില്ലാത്തത് ആക്രമണം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇസ്രായിലിന് പ്രോത്സാഹനമാവുകയാണെന്ന് ന്യൂയോര്‍ക്കില്‍ 79-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായില്‍ നടത്തുന്ന മുഴുവന്‍ കുറ്റകൃത്യങ്ങളെയും സൗദി അറേബ്യ അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇസ്രായില്‍ തുടരുന്ന മൃഗീയ ആക്രമണങ്ങളില്‍ സാധാരണക്കാരായ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണം രൂക്ഷമാക്കുന്നതിലൂടെ ഒരു കക്ഷിക്കും സുരക്ഷയും സ്ഥിരതയും ലഭിക്കില്ല. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ആക്രമണം രൂക്ഷമാക്കുന്നത് അക്രമങ്ങളുടെയും യുദ്ധങ്ങളുടെയും വ്യാപനത്തിന് കാരണമാവുകയും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും കൂടുതല്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്യും.
സൗദി അറേബ്യ ഫലസ്തീന്‍ ജനതക്ക് 500 കോടിയിലേറെ ഡോളറിന്റെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ വഴി സൗദി അറേബ്യ ഫലസ്തീന്‍ ജനതക്ക് 18.5 കോടി ഡോളറിന്റെ സഹായങ്ങള്‍ നല്‍കി. ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കാന്‍ അന്താരാഷ്ട്ര സംഘടനകളുമായി 10.6 കോടി ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചിട്ടുമുണ്ട്. ഫലസ്തീനികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീഫ് ഏജന്‍സിക്ക് സഹായങ്ങള്‍ നല്‍കുന്നത് സൗദി അറേബ്യ തുടരും. യു.എന്‍ റിലീഫ് ഏജന്‍സിക്ക് സൗദി അറേബ്യ ഇതിനകം 100 കോടിയിലേറെ ഡോളറിന്റെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഗാസയില്‍ നിരായുധരായ സാധാരണക്കാര്‍ക്കെതിരെ അടുത്തിടെ നടന്ന കുറ്റകൃത്യങ്ങള്‍ പതിറ്റാണ്ടുകളായി ഈ ജനത അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ ഒരു അധ്യായം മാത്രമാണ്. കയ്‌പേറിയ ഈ യാഥാര്‍ഥ്യത്തെ സൗദി അറേബ്യ നിരാകരിക്കുന്നു. ഇത് അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്ന വസ്തുത ഉള്‍ക്കൊണ്ടാണ് 2023 നവംബര്‍ 11 ന് അറബ്, ഇസ്‌ലാമിക് രാജ്യങ്ങളെ പങ്കെടുപ്പിച്ച് സൗദി അറേബ്യ റിയാദില്‍ സംയുക്ത ഉച്ചകോടി സംഘടിപ്പിച്ചത്. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും നിയന്ത്രണങ്ങളൊന്നും കൂടാതെ ഫലസ്തീനില്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കണമെന്നും അധിനിവിഷ്ട പ്രദേശങ്ങള്‍ വീണ്ടെടുത്ത് സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ നിയമാനുസൃത ആവശ്യം സാക്ഷാല്‍ക്കരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
യു.എന്നില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കാന്‍ ആവശ്യപ്പെടുന്ന പ്രമേയം മെയ് 10 ജനറല്‍ അസംബ്ലി അംഗീകരിച്ചതിനെയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ നോര്‍വേ, സ്‌പെയിന്‍, അയര്‍ലന്റ്, സ്ലോവേനിയ, അര്‍മേനിയ എന്നീ രാജ്യങ്ങള്‍ കൈക്കൊണ്ട തീരുമാനങ്ങളെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. ശേഷിക്കുന്ന രാജ്യങ്ങളും ഫലസ്തീനെ അംഗീകരിക്കണം. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷം ശാശ്വതമായി പരിഹരിക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തിന് അറബ്, ഇസ്‌ലാമിക് രാജ്യങ്ങളെയും നോര്‍വെയെയും യൂറോപ്യന്‍ യൂനിയനെയും ഉള്‍പ്പെടുത്തി സൗദി അറേബ്യ സമാരംഭം കുറിച്ചിട്ടുണ്ട്. മുഴുവന്‍ രാജ്യങ്ങളും ഈ സഖ്യത്തില്‍ ചേരണമെന്ന് ആഹ്വാനം ചെയ്യുകയാണ്.
അന്താരാഷ്ട്ര നിയമത്തിനും യു.എന്‍ രക്ഷാ സമിതി പ്രമേയങ്ങള്‍ക്കും അനുസൃതമായി ലെബനോന്റെ സ്ഥിരത കാത്തുസൂക്ഷിക്കുകയും പരമാധികാരം മാനിക്കുകയും വേണം. ശാശ്വതമായ നയതന്ത്ര പരിഹാരത്തിലെത്തിച്ചേരുന്നതിന് അവസരമൊരുക്കുന്ന നിലക്ക് ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണം. മേഖലയെയും മേഖലാ ജനങ്ങളെയും യുദ്ധങ്ങളില്‍ നിന്നും യുദ്ധക്കെടുതികളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ മുഴുവന്‍ കക്ഷികളും വിവേകവും പരമാവധി ആത്മസംയമനവും പാലിക്കണം.
നമ്മുടെ ലോകം ഇന്ന് നിരവധി പ്രതിസന്ധികള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. പരിഹരിക്കാനുള്ള പ്രായോഗിക പരിഹാരം കണ്ടെത്താതെയുള്ള പ്രതിസന്ധികളുടെ മാനേജ്‌മെന്റ് അവ കൂടുതല്‍ രൂക്ഷമാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക നിയമങ്ങളും നടപ്പാക്കുന്നതിലെ അശ്രദ്ധയും സെലക്ടിവിറ്റിയുമാണ് ഇതിന് കാരണം. ഇത് സംഘര്‍ഷങ്ങളും അക്രമങ്ങളും കൂടുതല്‍ വ്യാപിക്കാനും അന്താരാഷ്ട്ര നിയമസാധുതയുടെ തത്വങ്ങള്‍ക്ക് ഭീഷണിയായും കലാശിച്ചു. യു.എന്‍ ചാര്‍ട്ടര്‍ സ്ഥാപിച്ച തത്വങ്ങളും അടിസ്ഥാനങ്ങളും പാലിക്കപ്പെടണം. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുനല്‍കുകയും മേഖലാ, ആഗോള തലങ്ങളില്‍ സുരക്ഷയും വികസനവും പ്രദാനം ചെയ്യുകയും യുദ്ധങ്ങളും പോരാട്ടങ്ങളും അവസാനിപ്പിക്കുകയും ചെയ്യുന്ന ദീര്‍ഘകാല സമാധാനപരമായ പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംയുക്തമായും ഗൗരവത്തായും പ്രവര്‍ത്തിക്കണം. ലോക രാജ്യങ്ങള്‍ക്കിടയില്‍ നിലവിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമൂഹത്തിലെ രാഷ്ട്രീയ ധ്രുവീകരണത്തില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുന്ന സമീപനമാണ് സൗദി അറേബ്യ സ്വീകരിക്കുന്നത്. ആഗോള സുരക്ഷയും സമാധാനവും വര്‍ധിപ്പിക്കുന്ന വിധത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംവാദവും പരസ്പര ധാരണയും അടുപ്പവും വര്‍ധിപ്പിക്കാനും സൗദി അറേബ്യ ശ്രമിക്കുന്നു.
യു.എന്‍ സ്ഥാപിക്കുന്നതില്‍ പങ്കാളിയാതു മുതല്‍ അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനം ശക്തമാക്കിയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിച്ചും എല്ലാ മേഖലകളിലും ബഹുമുഖ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചും യു.എന്‍ ചാര്‍ട്ടറിനെ മൂര്‍ത്തമായ യാഥാര്‍ഥ്യത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നതായും സൗദി വിദേശ മന്ത്രി പറഞ്ഞു.