ജിദ്ദ: കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഡയരക്ടർ ജനറലായി ജിദ്ദയിലെ മുൻ ഇന്ത്യൻ കോൺസൽ ജനറൽ ഫായിസ് അഹമ്മദ് കിദ്വായി ചുമതലയേറ്റു. ഈ മാസമാണ് അദ്ദേഹത്തെ ഡിജിസിഎ മേധാവിയായി നിയമിച്ചത്. 1996 ബാച്ച് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായ ഫായിസ് അഹമ്മദ് കിദ്വായ് ദുബായ്, ജിദ്ദ എന്നിവിടങ്ങളിൽ ഡെപ്യൂട്ടേഷനിലാണ് നയതന്ത്ര മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നത്.
ജിദ്ദയിൽ നിന്ന് തിരിച്ചു പോയ ശേഷം കൃഷി, കാർഷിക ക്ഷേമ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യയിലെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡിജിസിഎയുടെ മേധാവിയായി കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് അദ്ദേഹത്തെ നിയമിച്ചത്. മുൻഗാമി ദേവദത്ത് കേന്ദ്ര കൽക്കരി ഖനന മന്ത്രാലയം സെക്രട്ടറിയായി നിയമിക്കപ്പെട്ടു.