മക്ക – അതികഠിനമായ ചൂട് കാരണമായ ആരോഗ്യ പ്രശ്‌നങ്ങളും തളര്‍ച്ചയും മൂലം ഇത്തവണത്തെ ഹജിന് 1,301 തീര്‍ഥാടകര്‍ മരണപ്പെട്ടതായി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ അറിയിച്ചു. ഇക്കൂട്ടത്തില്‍ 83 ശതമാനവും ഹജ് പെര്‍മിറ്റില്ലാത്ത നിയമ ലംഘകരാണ്. പാര്‍പ്പിട സ്ഥലമോ വിശ്രമമോ ഇല്ലാതെ, വെയിലത്ത് ഇവര്‍ ദീര്‍ഘദൂരം നടന്നു. പുണ്യസ്ഥലങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ചിലര്‍ മരുഭൂപാതകളും പര്‍വതങ്ങളും താണ്ടി. ഇക്കൂട്ടത്തില്‍ ചിലര്‍ പ്രായമായവരും മാറാരോഗങ്ങള്‍ ബാധിച്ചവരുമായിരുന്നു. അതികഠിനമായ ചൂട് കാരണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട ധാരാളം പേര്‍ക്ക് ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും വെച്ച് ആവശ്യമായ ചികിത്സകളും പരിചരണങ്ങളും നല്‍കി. ഇക്കൂട്ടത്തില്‍ ചിലര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇത്തവണത്തെ ഹജിന് പുണ്യസ്ഥലങ്ങളില്‍ താപനില 49 ഡിഗ്രി വരെയായി ഉയര്‍ന്നിരുന്നു.
മരണപ്പെട്ട മുഴുവന്‍ പേരുടെയും കണക്കുകളും പേരുവിവരങ്ങളും ശേഖരിക്കുകയും ബന്ധുക്കളുമായി ആശയവിനിമയങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരില്‍ നിരവധി പേരുടെ പക്കല്‍ തിരിച്ചറിയല്‍ കാര്‍ഡുകളോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മരണപ്പെട്ടവരെ തിരിച്ചറിയാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നു. മയ്യിത്തുകള്‍ മക്കയില്‍ മറവു ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യു ചെയ്തു. ഇത്തവണത്തെ ഹജിനിടെ പകര്‍ച്ചവ്യാധികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹൃദയം തുറന്ന ഓപ്പറേഷനുകള്‍, ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ്, ജനറല്‍ സര്‍ജറികള്‍ അടക്കം നിരവധി വിദഗ്ധ ചികിത്സകള്‍ ഹാജിമാര്‍ക്ക് നല്‍കി. 30,000 ലേറെ പേര്‍ക്ക് ആംബുലന്‍സ് സേവനങ്ങള്‍ പ്രയോജനപ്പെട്ടു. 95 തീര്‍ഥാടകര്‍ക്ക് എയര്‍ ആംബുലന്‍സ് സേവനം ഉപകാരപ്പെട്ടു. തീര്‍ഥാടകരുടെ സേവനത്തിന് പുണ്യസ്ഥലങ്ങളിലെയും മക്കയിലെയും ആശുപത്രികളില്‍ 6,500 ലേറെ ബെഡുകള്‍ ഒരുക്കിയിരുന്നെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഉയര്‍ന്ന ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിന്റെ അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വലിയ ശ്രമങ്ങളാണ് നടത്തിയത്. ഉയര്‍ന്ന താപനില കാരണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഇത്തവണത്തെ ഹജിന് 13 ലക്ഷത്തിലേറെ ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും സൗജന്യമായി നല്‍കി. ഇക്കൂട്ടത്തില്‍ 4,65,000 ലേറെ പേര്‍ക്ക് പ്രത്യേക ചികിത്സാ സേവനങ്ങളാണ് നല്‍കിയത്. ഇതില്‍ 1,41,000 പേര്‍ പെര്‍മിറ്റില്ലാതെ ഹജിനെത്തിയ നിയമ ലംഘകരായിരുന്നു. എല്ലാറ്റിനുമുപരിയായി മനുഷ്യന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനുള്ള സൗദി ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നു.
പുണ്യസ്ഥലങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ ഹജ് തീര്‍ഥാടകരുടെ ആരോഗ്യനില പൊതുവെ തൃപ്തികരമായിരുന്നു. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ പ്രത്യാഘാതങ്ങള്‍ പരിമിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പുകള്‍ നടത്തിയ വലിയ ശ്രമങ്ങളും സുരക്ഷാ വകുപ്പുകളുടെ കാര്യക്ഷമമായ പിന്തുണയും അനുകൂല ഫലങ്ങള്‍ നല്‍കിയതായും ഫഹദ് അല്‍ജലാജില്‍ പറഞ്ഞു.
ഹജിനിടെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഇപ്പോഴും ചികിത്സയില്‍ തുടരുന്നവരില്‍ 95 പേര്‍ പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ചവരാണ്. ഇക്കൂട്ടത്തില്‍ ചിലരെ വിദഗ്ധ ചികിത്സക്കായി എയര്‍ ആംബുലന്‍സുകളില്‍ റിയാദിലെയും മറ്റു നഗരങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.