ബെയ്റൂത്ത്: അഞ്ചു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ലെബനോനിൽ നിന്നുള്ള ചരക്ക് കയറ്റുമതി സൗദി അറേബ്യയിലേക്ക് പുനരാരംഭിച്ചു. ലെബനോനിലെ സൗദി അംബാസഡർ ഫഹദ് അൽദോസരി, ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം, മറ്റു മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ ലെബനോനിൽ നിന്നുള്ള ആദ്യ ചരക്കുലോഡ് ബെയ്‌റൂത്ത് തുറമുഖത്തു നിന്ന് ജിദ്ദ തുറമുഖത്തേക്ക് പുറപ്പെട്ടു. മുൻപ്, ചരക്ക് കയറ്റുമതിയുടെ മറവിൽ വ്യാപകമായി മയക്കുമരുന്ന് കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ലെബനോനിൽ നിന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ പൂർണ്ണ വിലക്കേർപ്പെടുത്തിയത്.
ഇനി മുതൽ അറബ് സഹോദര രാജ്യങ്ങൾക്ക് ഒരു തരത്തിലുള്ള ദ്രോഹത്തിനും ലെബനോൻ കേന്ദ്രമാകില്ലെന്നും, പകരം അവരുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയിൽ പങ്കാളിയാകുമെന്നും ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു. ലെബനോന്റെ സ്ഥിരതയ്ക്കും പരമാധികാരത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ അംബാസഡർ ഫഹദ് അൽദോസരി സ്ഥിരീകരിച്ചു. സഹോദര രാജ്യങ്ങളെ ഉപദ്രവിക്കാനുള്ള വേദിയായി ലെബനോനെ ഉപയോഗിക്കരുതെന്നും അംബാസഡർ ഓർമ്മിപ്പിച്ചു.
കള്ളക്കടത്ത് പ്രവർത്തനങ്ങൾ കണ്ടെത്താനും തടയാനും സൗദി അധികൃതരുമായി നേരിട്ട് സഹകരിക്കാൻ സാധിക്കുന്ന പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ലെബനോൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സംവിധാനം വഴി ബെയ്റൂത്ത് തുറമുഖം, വിമാനത്താവളം, അതിർത്തി പോസ്റ്റുകൾ എന്നിവയിലെ സ്കാനറുകളെ ജിദ്ദ ഉൾപ്പെടെയുള്ള സൗദി തുറമുഖങ്ങളിലെയും അതിർത്തി പ്രവേശന കവാടങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളുമായി നേരിട്ട് ആശയവിനിമയം നടത്താൻ അനുവദിക്കും. വ്യാപകമായ തോതിലുള്ള മയക്കുമരുന്ന് കടത്ത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 2021-ലാണ് ലെബനോനിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് സൗദി അറേബ്യ ആദ്യം വിലക്കേർപ്പെടുത്തിയത്. തുടർന്ന് ലെബനോനിൽ നിന്നുള്ള എല്ലാത്തരം സാധനങ്ങൾക്കും വിലക്ക് ബാധകമാക്കുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ലെബനോന്, സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഷികോൽപന്ന കയറ്റുമതി തടസ്സപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. 2020-ൽ സൗദി അറേബ്യയിലേക്കുള്ള ലെബനോന്റെ കയറ്റുമതി ഏകദേശം 24 കോടി യു.എസ് ഡോളറായിരുന്നു.
ലെബനോൻ ദീർഘകാലമായി കാത്തിരുന്ന ഒരു നിമിഷത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. നിരോധനത്തിന് മുൻപ് സൗദി അറേബ്യ ഞങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായിരുന്നു. ഇന്ന് ആ വിപണിയിലേക്ക് ലെബനോൻ മടങ്ങുകയാണ്. മുൻപത്തെ കയറ്റുമതിയുടെ അളവ് വീണ്ടെടുക്കുക മാത്രമല്ല, അതിനെ മറികടക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി വിപണിയിലേക്കുള്ള ഈ മടങ്ങിവരവ് ബെക്ക, തെക്ക്, വടക്ക് മേഖലകളിലെ ആയിരക്കണക്കിന് കർഷകർക്കും ഫാക്ടറികൾക്കും കയറ്റുമതിക്കാർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കയറ്റുമതി നിരോധനം നീക്കാനുള്ള ഉദാരമായ തീരുമാനത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ലെബനോൻ രാജ്യത്തിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദിയും അഭിനന്ദനവും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി.
ലെബനോൻ സർക്കാർ സ്ഥാപനങ്ങൾ പുനർനിർമ്മിക്കാൻ സ്വീകരിച്ച നല്ല നടപടികളുടെ വെളിച്ചത്തിൽ, ജൂൺ 10-നാണ് സൗദിയിലേക്കുള്ള ലെബനോൻ കയറ്റുമതി പുനരാരംഭിക്കാൻ കിരീടാവകാശി നിർദ്ദേശം നൽകിയത്. ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനിന്റെയും പ്രധാനമന്ത്രി നവാഫ് സലാമിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം.



