തബൂക്ക്- വാഹനാപകടത്തിൽ രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്ക് പറ്റിയ മകളുടെ ശാസ്ത്രക്രിയക്കു വേണ്ടി നാട്ടിൽ പോകാനാകാതെ നിസ്സഹായനായ ഉത്തർ പ്രദേശ് സ്വദേശി സൂരജ് പ്രസാദ് ഒടുവിൽ നാടണഞ്ഞു. നാലു വർഷം മുമ്പ് സൂരജിന്റെ അനുവാദമോ അറിവോ ഇല്ലാതെ കമ്പനി ഇദ്ദേഹത്തിന്റെ ഫൈനൽ എക്സിറ്റ് അടിച്ചിരുന്നു. ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിൽ പോകാത്തതിനാലുള്ള നിയമകുരുക്കുകളാണ് വിനയായയത്.
തബുക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോണ്ടാക്റ്റിംഗ് കമ്പനിയിലേക്ക് തൊഴിൽ വിസയിൽ വന്നതായിരുന്നു സൂരജ്. താമസരേഖയും ഇൻഷൂറൻസും മറ്റു ആനുകൂല്യങ്ങളും നൽകാതെയാണ് സൂരജിനെ ജോലി ചെയ്യിപ്പിച്ചിരുന്നത്. രണ്ട് മാസം മുമ്പ് നാട്ടിൽ പോകാൻ കമ്പനിയോട് സൂരജ് ആവശ്യപ്പെട്ടെങ്കിലും എക്സിറ്റ് നൽകാൻ കമ്പനി തയ്യാറായില്ല. തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റലിൽ ഫൈനൽ എക്സിറ്റിനു അപേക്ഷ നൽകി കാത്തിരുന്നെങ്കിലും മൂന്ന് വർഷം മുമ്പ് തന്നെ കമ്പനി ഫൈനൽ എക്സിറ്റ് അടിച്ചതിനാൽ ആ വഴിയും അടഞ്ഞു. തുടർന്ന് സൂരജ് തർഹീൽ വഴിയും ലേബർകോടതി വഴിയും എക്സിറ്റിനു ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.
തുടർന്ന് സൂരജിനോട് കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ (സി.സി.ഡബ്യു.എ )മെമ്പറുമായ ഉണ്ണി മുണ്ടുപറമ്പിലിനെ സമീപിക്കാൻ തർഹീൽ മേധാവി നിർദേശിച്ചു. പിന്നീട് സൂരജിനെയും കൂട്ടി ഉണ്ണി ലേബർ കോടതിയിലെത്തി മേധാവിയുമായി നത്തിയ ഇടപെടലിൽ സൂരജിന്റെ കേസ് ഫയലിൽ സ്വീകരിച്ചു. ഒരാഴ്ച കഴിഞ്ഞ് സൂരജിന് ഫൈനൽ എക്സിറ്റ് നൽകാൻ വേണ്ടി തർഹീലിലേക്ക് രേഖകൾ നൽകി. എന്നാൽ തർഹീലിൽ നിന്നും എക്സിറ്റ് ലഭിക്കണമെങ്കിൽ നേരത്തെ കമ്പനി നൽകിയ ഫൈനൽ എക്സിറ്റ് ക്യാൻസൽ ചെയ്യണമായിരുന്നു. ഫൈനൽ എക്സിറ്റ് ക്യാൻസൽ ചെയ്യാൻ 1000റിയാൽ ഫൈൻ അടക്കാതെ സാധിക്കില്ലെന്ന് അറിയിച്ചു. പിന്നീട് സൂരജിന്റെ സുഹൃത്തുക്കൾ നൽകിയ തുകകൊണ്ട് ഫൈൻ അടച്ചു തർഹീലിൽ നിന്നും കഴിഞ്ഞദിവസം ഫൈനൽ എക്സിറ്റ് ലഭിച്ചു. സൂരജ് നാട്ടിലേക്ക് തിരിച്ചു. തന്നെ നാട്ടിലെത്തിക്കാൻ കൂടെനിന്ന് സഹായിച്ച ഉണ്ണിക്കും ഒരു മാസത്തോളം താമസത്തിനും ഭക്ഷണത്തിനും സാഹചര്യമൊരുക്കിയ നൗഫലിനും നന്ദി പറഞ്ഞു ദമാം വഴി സൂരജ് ലഖ്നൗവിലേക്കു യാത്രയായി.