റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തു (58) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ടു. കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ പരേതരായ മാരിമുത്ത് – ലക്ഷ്മി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 35 വർഷമായി സുലൈ എക്സിറ്റ് 18ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ നെഞ്ച് വേദന അനുഭവപ്പെട്ട ബലരാമനെ സഹോദരനും കേളി പ്രവർത്തകരും ചേർന്ന് അൽഖര്ജ് റോഡിലുള്ള അൽ റബിയ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് അടുത്ത ദിവസം രാത്രി വീണ്ടും ഹൃദയസ്തംഭനം വന്നതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.
മാറത് യൂണിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം എന്നീ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ ഏരിയ ട്രഷറർ ചുമതല വഹിച്ചു വരികയായിരുന്നു. ജീവിത പങ്കാളി രതി. ഹൃദ്യ, ഹരിത, ഹൃദയ് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.