ദമാം– സൗദിയിലെ കൊടും ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തീഫിലെ ഔഖാഫ്, അന്തരവകാശ കോടതി ജഡ്ജി മുഹമ്മദ് അൽജീറാനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ പങ്കുള്ള മുഹമ്മദ് ബിൻ ഹുസൈൻ ബിൻ അലി ആലുഅമ്മാറിൻ്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാൾ നടത്തിയ ഭീകരാക്രമണത്തിൽ രണ്ട് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടിരുന്നു.
എണ്ണ പൈപ്പ് ലൈനുകൾ തകർക്കുക, ബോംബുകൾ നിർമ്മിക്കുക, ആയുധങ്ങൾ കൈവശം വെക്കുക, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ എന്നീ കുറ്റകൃത്യങ്ങളിൽ ഭീകരന് പങ്കുള്ളതായി തെളിഞ്ഞിരുന്നു. വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ചെയ്തു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയതിനെ തുടർന്ന് ഭീകരന്റെ വധശിക്ഷ കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കി.