മിന – ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനുള്ള പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സുസജ്ജത ഉറപ്പുവരുത്താന്‍ വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി പുണ്യസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. മക്കയിലും പുണ്യസ്ഥലങ്ങളിലും ദേശീയ ജല കമ്പനി നടപ്പാക്കിയ ജല, പരിസ്ഥിതി പശ്ചാത്തല പദ്ധതി വികസനങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. മിനായിലെ മെയിന്‍ മോണിട്ടറിംഗ് ആന്റ് കണ്‍ട്രോള്‍ സെന്ററാണ് മന്ത്രി ആദ്യം സന്ദര്‍ശിച്ചത്.
തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കന്നുകാലികളുടെയും ഉല്‍പന്നങ്ങളുടെയും ലഭ്യതയും സുരക്ഷയും ഉറപ്പുവരുത്താനും സേവനങ്ങള്‍ നല്‍കാനും മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ തയാറാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട വിശാംശങ്ങള്‍ മന്ത്രി വിലയിരുത്തി. ബലിയറുക്കല്‍ കര്‍മത്തിന് ഇറക്കുമതി ചെയ്ത കന്നുകാലികളെ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താനും രോഗവാഹകരുടെ നിയന്ത്രണത്തിനും നഗരപ്രദേശങ്ങള്‍ക്ക് പുറത്ത് മരുഭൂമിയില്‍ വെട്ടുകിളികളുടെയും കറുത്ത പുല്‍ച്ചാടികളുടെയും വ്യാപനം തടയാനും പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പ്ലാന്റ്‌സ് പെസ്റ്റ്‌സ് ആന്റ് അനിമില്‍ ഡിസീസസ് (വിഖാ) തയാറെടുപ്പുകളും മന്ത്രി പരിശോധിച്ചു.
പര്യടനത്തിനൊടുവില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മക്കയിലും പുണ്യസ്ഥലങ്ങളിലും നടപ്പാക്കുന്ന പരിസ്ഥിതി, ജല പദ്ധതികളുടെ പുരോഗതിയും ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ ദേശീയ ജല കമ്പനി വഹിക്കുന്ന പ്രധാന ദൗത്യങ്ങളും കമ്പനിയുടെ ഹജ് സീസണ്‍ പദ്ധതിയും എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി വിലയിരുത്തി. പുണ്യസ്ഥലങ്ങളിലെ കരുതല്‍ ജലസംഭരണികള്‍ക്ക് 32 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുണ്ട്. പ്രയാസരഹിതമായി കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ മുഴുവന്‍ ശേഷികളും പ്രയോജനപ്പെടുത്തണമെന്നും കഠിനാധ്വാനം ചെയ്യണമെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദേശീയ ജല കമ്പനി സി.ഇ.ഒ, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാര്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.
ക്യാപ്.
ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനുള്ള പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സുസജ്ജത ഉറപ്പുവരുത്താന്‍ വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി പുണ്യസ്ഥലങ്ങളില്‍ നടത്തിയ സന്ദര്‍ശനം. വലത്ത്: പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ മിനായിലെ മെയിന്‍ മെയിന്‍ മോണിട്ടറിംഗ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍.