- യാത്രക്കാര്‍ക്ക് അത്യാഢംബര സുഖസൗകര്യങ്ങള്‍
ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്‌സ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് ലോയല്‍റ്റി പ്രോഗ്രാം ആയ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് അംഗങ്ങള്‍ക്കുമായി സ്‌പെഷ്യല്‍ ലോഞ്ച് തുറന്നു. മധ്യപൗരസ്ത്യദേശത്ത് ദുബായിക്ക് പുറത്ത് എമിറേറ്റ്‌സ് തുറക്കുന്ന ഇത്തരത്തില്‍ പെട്ട ആദ്യത്തെ ലോഞ്ച് ആണ് ജിദ്ദയിലെത്. ലോകത്തെ പ്രധാന എയര്‍പോര്‍ട്ടുകളില്‍ എമിറേറ്റ്‌സിന് ആകെ 40 പാസഞ്ചര്‍ ലോഞ്ചുകളുണ്ട്.
ജിദ്ദ എയര്‍പോര്‍ട്ടിലെ ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ മൂന്നാം നിലയിലാണ് രണ്ടു കോടിയിലേറെ ദിര്‍ഹം ചെലവഴിച്ച് എമിറ്റേറ്റ് അത്യാഢംബര ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. ടെര്‍മിനലിന്റെ പ്രവേശന കവാടത്തില്‍ നിന്ന് എമിറേറ്റ്‌സ് ലോഞ്ചിലേക്ക് പത്തു മിനിറ്റ് കാല്‍നടയായി സഞ്ചരിക്കാനുള്ള ദൂരം മാത്രമാണുള്ളത്. ഡിപ്പാര്‍ച്ചര്‍ ഗെയ്റ്റ് നമ്പര്‍ എ28ബി, ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 വിമാനങ്ങള്‍ക്കുള്ള ഡിപ്പാര്‍ച്ചര്‍ ഗെയ്റ്റ് നമ്പര്‍ എ38ബി എന്നിവക്കു സമീപമാണ് പുതിയ ലോഞ്ച്.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് ഗോള്‍ഡന്‍, പ്ലാറ്റിനം വിഭാഗം അംഗങ്ങള്‍ക്കും കൂടുതല്‍ സുഖകരവും സവിശേഷവുമായ യാത്രാനുഭവം സമ്മാനിക്കാനും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കാനുമുള്ള എമിറേറ്റ്‌സിന്റെ താല്‍പര്യത്തിന്റെയും സൗദി അറേബ്യന്‍ വിപണിയോടുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് പുതിയ നിക്ഷേപമെന്ന് കമ്പനി പറഞ്ഞു.
എമിറേറ്റ്‌സ് യാത്രക്കാര്‍ക്കു വേണ്ടി ഗള്‍ഫ്, മധ്യപൗരസ്ത്യ മേഖലയില്‍ എമിറേറ്റ്‌സ് തുറക്കുന്ന ആദ്യത്തെ ലോഞ്ച് ആണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ തുറന്നിരിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മതര്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് നല്‍കുന്ന യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള എമിറേറ്റ്‌സിന്റെ അശ്രാന്ത പരിശ്രമത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാനുള്ള എമിറേറ്റ്‌സിന്റെ പ്രതിബദ്ധതയും ഏറ്റവും ഉയര്‍ന്ന നിലയില്‍സജ്ജീകരിച്ച ഈ ലോഞ്ച് സ്ഥിരീകരിക്കുന്നു.
ജിദ്ദ സര്‍വീസ് ആരംഭിച്ചതിന്റെ 35 -ാമത് വാര്‍ഷികം എമിറേറ്റ്‌സ് ആഘോഷിച്ചുവരികയാണ്. സൗദിയില്‍ ജിദ്ദയിലേക്കാണ് എമിറേറ്റ്‌സ് ആദ്യമായി സര്‍വീസ് ആരംഭിച്ചത്. ഇക്കാലയളവില്‍ സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഫലപ്രദമായ പങ്ക് വഹിച്ചതില്‍ എമിറേറ്റ്‌സിന് അഭിമാനമുണ്ട്. സൗദി അറേബ്യയുടെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കാന്‍ എമിറേറ്റ്‌സ് പ്രതിജ്ഞാബദ്ധമാണ്. ലോകത്തെങ്ങും നിന്നും സൗദിയിലേക്ക് യാത്രക്കാരുടെ ഒഴുക്ക് എളുപ്പമാക്കിയും പ്രോത്സാഹിപ്പിച്ചും സൗദി വിപണിയില്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നത് തങ്ങള്‍ തുടരും. ജിദ്ദയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കുമെന്നും മുഹമ്മദ് മതര്‍ പറഞ്ഞു.
ആധുനികവും സൗകര്യപ്രദവുമായ രൂപകല്‍പനയോടെയാണ് 900 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ജിദ്ദ എയര്‍പോര്‍ട്ടിലെ എമിറേറ്റ്‌സ് ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. ഒരേസമയം 196 യാത്രക്കാരെ സ്വീകരിക്കാന്‍ ലോഞ്ചിന് ശേഷിയുണ്ട്. സുഖപ്രദമായ ലെതര്‍ സോഫകള്‍, സ്‌ക്രീനുകള്‍, വിശ്രമിക്കാനും ജോലി ചെയ്യാനുമുള്ള കസേരകള്‍, ആഡംബര ഷവര്‍ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സവിശേഷമായ ഇടം ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും സ്‌കൈവാര്‍ഡ്‌സ് പ്രോഗ്രാം ഗോള്‍ഡന്‍, പ്ലാറ്റിനം അംഗങ്ങള്‍ക്കും എമിറേറ്റ്‌സ് ലോഞ്ച് വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ഓറിയന്റല്‍ വിഭവങ്ങളും ക്ലാസിക് ഡെസേര്‍ട്ടുകളും പാനീയങ്ങളുടെ വിശാലമായ ശ്രേണിയും വിതരണം ചെയ്യുന്ന റെസ്‌റ്റോറന്റും ഡൈനിംഗ് ഏരിയയും എമിറേറ്റ്‌സ് ലോഞ്ചില്‍ അടങ്ങിയിരിക്കുന്നു. ജിദ്ദ എയര്‍പോര്‍ട്ടില്‍ ഒന്നും ദുബായ് എയര്‍പോര്‍ട്ടില്‍ ഏഴും ലോകത്തെ പ്രധാന വിമാനത്താവളങ്ങളില്‍ 32 ഉം സ്‌പെഷ്യല്‍ ലോഞ്ചുകളാണ് എമിറേറ്റ്‌സ് പ്രവര്‍ത്തിപ്പിക്കുന്നത്.
1989 ല്‍ സൗദി സര്‍വീസ് ആരംഭിച്ച എമിറേറ്റ്‌സ് സൗദിയില്‍ ടൂറിസവും വ്യാപാരവും എളുപ്പമാക്കാന്‍ സഹായിക്കുന്നു. നിലവില്‍ ജിദ്ദ, റിയാദ്, ദമാം, മദീന എന്നിവിടങ്ങളിലേക്ക് പ്രതിവാരം 70 ലേറെ സര്‍വീസുകള്‍ എമിറേറ്റ്‌സ് നടത്തുന്നു. ജിദ്ദയിലേക്ക് എയര്‍ബസ് എ380 ഇനത്തില്‍ പെട്ട വിമാനങ്ങള്‍ ഉപയോഗിച്ച് പ്രതിദിനം മൂന്നു സര്‍വീസുകള്‍ വീതം നടത്തുന്നുണ്ട്. 35 വര്‍ഷത്തിനിടെ 1,12,000 ലേറെ സര്‍വീസുകളില്‍ സൗദിയിലേക്കും തിരിച്ചും മൂന്നു കോടിയിലേറെ യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് സേവനം നല്‍കിയിട്ടുണ്ട്.