റിയാദ്: സൗദിയിലെ അൽ-ഖർജ് ഗവർണറേറ്റിൽ നിലനിന്നിരുന്ന അപകടസാധ്യതകൾ ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് വിഭാഗം വ്യക്തമാക്കി. സാഹചര്യം നിയന്ത്രണവിധേയമായെങ്കിലും പൊതുജനങ്ങൾ സുരക്ഷാ മാർഗ്ഗരേഖകൾ പൂർണ്ണമായും പാലിക്കുന്നത് തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനായി 911 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപകട സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നതും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുന്നതും സുരക്ഷ മുൻനിർത്തി കർശനമായി ഒഴിവാക്കണം.
ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനം (നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം) വഴി നേരത്തെ തന്നെ പ്രദേശവാസികൾക്ക് ആവശ്യമായ മുൻകരുതൽ നിർദ്ദേശങ്ങൾ കൈമാറിയിരുന്നു. പരിഭ്രാന്തി ഒഴിവാക്കി ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരുക, ജനലുകളിൽ നിന്ന് മാറി കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരുക, ഭീഷണി ഒഴിഞ്ഞതായുള്ള സ്ഥിരീകരണം വരുന്നത് വരെ പുറത്തിറങ്ങാതിരിക്കുക എന്നിവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.
കൂടാതെ, തുറസ്സായ ഇടങ്ങൾ, ബാൽക്കണികൾ, ഗ്ലാസ് നിർമ്മിതികൾ എന്നിവയുടെ അരികിൽ നിന്ന് മാറിനിൽക്കണം. യാത്രയ്ക്കിടയിലാണ് ഇത്തരം അടിയന്തിര മുന്നറിയിപ്പുകൾ ലഭിക്കുന്നതെങ്കിൽ പാലങ്ങൾക്കും ഉയർന്ന കെട്ടിടങ്ങൾക്കും താഴെ വാഹനം നിർത്താതെ, സുരക്ഷിതമായ റോഡരികുകളിലേക്ക് മാറ്റി പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണം. അപകടസാധ്യതയുള്ള ഒരിടത്തും ജനങ്ങൾ പോകരുതെന്നും നിർദ്ദേശമുണ്ട്.
അപകടങ്ങളോ അസാധാരണ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അത് നിയമാനുസൃത അടിയന്തിര നമ്പറുകളിൽ അറിയിക്കണം. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളിൽ വീഴാതെ, ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കുക. അടിയന്തിര ഘട്ടങ്ങളെ കാര്യക്ഷമമായി നേരിടാനും പൊതുജന സുരക്ഷ ഉറപ്പാക്കാനും രാജ്യം നടപ്പിലാക്കുന്ന വിപുലമായ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ ജാഗ്രതാ നിർദ്ദേശങ്ങൾ.



