ദമ്മാം : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യാ മഹാ രാജ്യത്തിന്റെ നില നിൽപ്പിനെ നിർണ്ണയിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ സംഘു പരിവാർ വിധേയരായ ദേശീയ മാധ്യമങ്ങളുടെ ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെയും, അപ നിർമിതി പ്രചാരണങ്ങൾക്കെതിരെയും ജനാധിപത്യ വിശ്വാസികളും, മതേതര സമൂഹവും, രാഷ്ട്രീയ പാർട്ടികളും ജാഗ്രത പാലിക്കണമെന്ന് ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച “ഇലക്ഷൻ 2024-മാധ്യമ വിചാരം” സെമിനാർ അഭിപ്രായപ്പെട്ടു. ഭരണ കൂട വിധേയത്വം പ്രകടിപ്പിക്കുന്ന ഭൂരിഭാഗം ദേശീയ മാധ്യമങ്ങളും കേന്ദ്ര സർക്കാറിനായി ജന വിരുദ്ധ നയങ്ങളെ പോലും കണ്ടില്ലെന്ന് നടിച്ച്, സർക്കാറിനായി ഫാഷിസ്റ്റ് കുഴലൂത്ത് നടത്തുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന ജാഗ്രതയും പ്രതിപക്ഷ ധർമ്മവും സ്വൽപമെങ്കിലും, ആശ്വാസമാണെന്നും സെമിനാറിൽ സംസാരിച്ചവർ ഒരു പോലെ അഭിപ്രായപ്പെട്ടു. ജാനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ എസ്ക്ലൂസ്സീവ് വാർത്തകൾക്കായി പെയ്ഡ് ന്യൂസ് സംസ്കാരത്തിലേക്ക് നീങ്ങുന്നതും, നൈതികത കൈ വെടിയുന്നതും ഇന്ത്യ മഹാ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്തകളെയും, മൂല്യങ്ങളെയും തകർക്കുന്നുണ്ടെന്നും, ഇന്ത്യാ മുന്നണിയുടെ തിരിച്ചു വരവിലൂടെ മാത്രമേ നഷ്ടപ്പെട്ട ഇന്ത്യയുടെ മതേതര പൈതൃകത്തെ തിരിച്ചു പിടിക്കാനാവൂ എന്നും പ്രതിനിധികൾ ഒരു പോലെ അവകാശപ്പെട്ടു! ദമ്മാം അൽ റയാൻ ഓഡിറ്റൊറിയത്തിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങ് സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് കെപി ഹുസൈൻ അധ്യക്ഷൻ ആയിരുന്നു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ മോഡറേറ്റർ ആയ ചർച്ച സെഷനിൽ ദമ്മാം മീഡിയ ഫോറം പ്രസിഡണ്ടും, ജയ്‌ഹിന്ദ് ചാനൽ പ്രധിനിധിയും ആയ മുജീബ് കളത്തിൽ, ജീവൻ ടി. വി റിപ്പോർട്ടർ പി. ടി അലവി, കൈരളി ചാനൽ റിപ്പോർട്ടർ പ്രവീൺ, ചന്ദ്രിക സൗദി റിപ്പോർട്ടർ അഷ്‌റഫ് ആളത്ത് ഒഐസിസി ദമ്മാം റീജിയണൽ ജനറൽ സെക്രട്ടറി ഡോക്ടർ സിന്ധു ബിനു, എസ് ഐ സി പ്രതിനിധി സവാദ് ഫൈസി, കാദർ ചെങ്കള , മുഹമ്മദ് കുട്ടി കോഡൂർ , സിദ്ധീഖ് പാണ്ടികശാല ,ഹമീദ് വടകര ഇഖ്ബാൽ ആനമങ്ങാട്, സാജിത നഹ എന്നിവർ സംസാരിച്ചു. മാലിക് മഖ്ബൂൽ വിഷയാവതരണം നടത്തി. സഹീർ മുസ്ലിയാരങ്ങാടി സ്വാഗതവും, ബഷീർ ആലുങ്ങൽ നന്ദിയും പറഞ്ഞ ചടങ്ങിൽ ഇരുന്നൂറോളം പേർ സമൂഹ ഇഫ്താർ വിരുന്നിലും പങ്കാളികളായി. ഷബീർ തേഞ്ഞിപ്പലം, മുഹമ്മദ് കരിങ്കപ്പാറ, അഷ്‌റഫ് ക്ലാരി ,ഫൈസൽ മണിമൂളി, റിയാസ് മമ്പാട്, നസീർ ബാബു , വഹീദ് എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group